ആത്മനിഷേധത്തോടും ത്യാഗ മനോഭാവത്തോടും കൂടിയുള്ള സേവനത്തിന് നന്ദി; ഇറ്റാലിയൻ പോലീസിനോട് ഫ്രാൻസിസ് മാർപ്പാപ്പ

ആത്മനിഷേധത്തോടും ത്യാഗ മനോഭാവത്തോടും കൂടിയുള്ള സേവനത്തിന് നന്ദി; ഇറ്റാലിയൻ പോലീസിനോട് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: “ആത്മനിഷേധത്തോടും ത്യാഗ മനോഭാവത്തോടും കൂടി” വത്തിക്കാൻ ഇൻസ്‌പെക്‌ടറേറ്റ് ഓഫ് പബ്ലിക് സേഫ്റ്റിയിലെ അംഗങ്ങൾ നൽകുന്ന എല്ലാവിധ സ്‌തുത്യർഹമായ സേവനത്തിനും നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ലാറ്ററൻ ഉടമ്പടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഇൻസ്‌പെക്ടറേറ്റ്, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും വത്തിക്കാനോട് ചേർന്നുള്ള പ്രദേശങ്ങളിലും പൊതു സമാധാനക്രമം നിലനിർത്തുന്നതിന് ചുമതലപ്പെടുത്തിയ ഒരു ഇറ്റാലിയൻ പോലീസ് സേനയാണ്.

ഇൻസ്‌പെക്‌ടറേറ്റ് ഓഫ് പബ്ലിക് സേഫ്റ്റിയിലെ ഡയറക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ജനുവരി പന്ത്രണ്ടാം തീയതി പാപ്പ വത്തിക്കാനിൽ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലായിരുന്നു മാർപ്പാപ്പ നന്ദി പ്രകടിപ്പിച്ചത്. എല്ലാ വർഷവും മാർപ്പാപ്പ ഇത്തരം കൂടിക്കാഴ്ച അനുവദിക്കാറുണ്ട്.

വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും വത്തിക്കാന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലും ഇറ്റാലിയൻ പോലീസിന്റെ സാന്നിധ്യം ഉള്ളതിനാൽ മാർപ്പാപ്പായെ കാണുവാനും വത്തിക്കാൻ ബസലിക്ക സന്ദർശിക്കാനും പ്രാർത്ഥിക്കുവാനും എത്തുന്ന വിശ്വാസികൾക്കും തീർത്ഥാടകർക്കും മറ്റ് വ്യക്തികൾക്കും ലഭിക്കുന്ന സംരക്ഷണത്തിന് പാപ്പ നന്ദി പറഞ്ഞു.


റോമിലും ഇറ്റലിയുടെ മറ്റു പ്രദേശങ്ങളിലും അജപാലന സന്ദർശനങ്ങളും മറ്റുമായി തനിക്ക് സഞ്ചരിക്കേണ്ടിവരുമ്പോൾ ഇറ്റലിയിലെ പോലീസ് സേന നൽകുന്ന മെച്ചപ്പെട്ട സേവനവും പ്രഭാഷണത്തിൽ മാർപ്പാപ്പ അനുസ്മരിച്ചു. ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തെളിവുകൂടിയാണ് ഇതെന്ന് പാപ്പ കൂട്ടിച്ചേർത്തു.

"നിങ്ങളുടെ സഹായത്തിനും നിങ്ങളുടെ സമർപ്പിതവും കഴിവുറ്റതുമായ സേവനത്തിനും എന്റെ ആദരവും അഭിനന്ദനവും ഞാൻ ഹൃദ്യമായി ആവർത്തിക്കുന്നു" മാർപ്പാപ്പ പറഞ്ഞു. തുടർന്ന് ഇൻസ്‌പെക്ടറേറ്റിലെ അംഗങ്ങളെ അവരുടെ ജീവിതത്തെയും ജോലിയെയും പ്രചോദിപ്പിക്കുന്ന ആദർശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചുനിൽക്കണമെന്ന് പാപ്പ പ്രോത്സാഹിപ്പിച്ചു.

ജീവനക്കാരുടെ ജോലിയിലെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്നും എങ്കിലും അവരുടെ അയൽക്കാരനെയും സമൂഹത്തെയും സഹായിക്കാനുള്ള ആഗ്രഹത്താൽ എപ്പോഴും ഓരോ അംഗങ്ങളും സജീവമായി പ്രവർത്തിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മാർപ്പാപ്പ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ നാം ആഘോഷിച്ച ക്രിസ്തുവിന്റെ ജനനം നിങ്ങളിൽ സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ക്രൈസ്തവചിന്ത നിങ്ങൾക്ക് കാത്തുസൂക്ഷിക്കാൻ സഹായിക്കട്ടെയെന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ദൈവസ്നേഹത്തിന് സാക്ഷ്യം വഹിക്കുക

ജോലിസ്ഥലത്ത് ഉൾപ്പെടെ എല്ലായിടത്തും "ദൈവസ്നേഹത്തിന് ധൈര്യത്തോടെ സാക്ഷ്യം വഹിക്കാൻ" സുവിശേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാർപ്പാപ്പ അവരെ ക്ഷണിച്ചു. "നിങ്ങൾ ദിവസവും കണ്ടുമുട്ടുന്ന സഹോദരീസഹോദരിങ്ങളോടുള്ള ദൈവത്തിന്റെ സാമീപ്യത്തിന്റെ അടയാളമായിരിക്കണം നിങ്ങളുടെ സേവനം. അവർ നിങ്ങളിൽ നിന്ന് ദയയും സ്വാഗതവും പ്രതീക്ഷിക്കുന്നവരായിരിക്കും" മാർപ്പാപ്പ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

വാക്കുകൾ കൊണ്ടല്ല പ്രവൃത്തികൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാൻ തീവ്രമായി പരിശ്രമിക്കുന്നവരെ ആവശ്യമുള്ള ഒരു ലോകത്ത് "സമാധാനത്തിന്റെ കരകൗശല വിദഗ്ധർ" ആകാനുള്ള ഒരു മൂർത്തമായ മാർഗമാണ് ഈ സേവനം എന്ന് ലോക സമാധാന ദിനത്തിൽ താൻ നൽകിയ സന്ദേശത്തെ പരാമർശിച്ചും ഫ്രാൻസിസ് മാർപ്പാപ്പ സംസാരിച്ചു.

ദൈവം നമ്മോടൊത്തുണ്ടെന്നും നമ്മുടെ ബുദ്ധിമുട്ടുകളിൽ നമുക്ക് താങ്ങായി നിൽക്കുന്നുണ്ടെന്നും നമ്മെ വഴിനടത്തുന്നുണ്ടെന്നുമുള്ള ഹൃദയത്തിന്റെ പ്രത്യാശയോടെ ജീവിക്കാൻ നമുക്ക് സാധിക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

നിങ്ങളിൽനിന്ന് സ്വീകാര്യതയുടെയും ഉദാരതയുടെയും പ്രവർത്തികൾ പ്രതീക്ഷിക്കുന്ന വ്യക്തികൾക്ക് ദൈവസാന്നിധ്യത്തിന്റെ അടയാളമായി മാറാൻ നിങ്ങളുടെ സേവനങ്ങൾക്ക് സാധിക്കുമെന്ന് പാപ്പ വ്യക്തമാക്കി. അതുവഴി സമാധാനത്തിന്റെ സൃഷ്ടികളാകാൻ നിങ്ങൾക്ക് സാധിക്കുമെന്നും പാപ്പ വിശദീകരിച്ചു.

സന്നിഹിതരായവർക്കും അവരുടെ കുടുംബങ്ങൾക്കും ഫ്രാൻസിസ് പാപ്പ പുതുവർഷാശംസകളും നേർന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെയും മിഖായേൽ മാലാഖയുടെയും സംരക്ഷണത്തിന് ഏവരെയും സമർപ്പിച്ച മാർപ്പാപ്പ ഇരുവരുടെയും മാധ്യസ്ഥ്യം വഴി ഐശ്വര്യവും ഐക്യവും സംരക്ഷണവും നിങ്ങൾക്ക് ലഭിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.