ന്യൂഡല്‍ഹി: സംസ്ഥാന നേതൃത്വവുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ എഐസിസിയില്‍ ഭിന്നാഭിപ്രായം. തരൂര്‍ നടത്തുന്ന ഒറ്റയാള്‍ തേരോട്ടത്തിനെതിരെ നിരവധി പരാതികളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്.
എന്നാല്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ നേതൃത്വത്തിനും ധാരണയില്ല. തരൂരിനെ ഒഴിവാക്കിയാല്‍ ജന വിരോധനം നേരിടേണ്ടി വന്നേക്കും. അതേസമയം തരൂരിനെ ഉള്‍ക്കൊള്ളിച്ചാല്‍ സംസ്ഥാന നേതൃത്വം അതൃപ്തിയുമായി രംഗത്തു വരാനും സാധ്യതയുണ്ട്.
സമൂദായിക പരിപാടികളില്‍ തരൂര്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നതും സംസ്ഥാനത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതുമാണ് കോണ്‍ഗ്രില്‍ ഭിന്നാഭിപ്രായം ഉയരാന്‍ കാരണമായത്.
ജനങ്ങള്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും, ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്നുമായിരുന്നു വിഷയത്തില്‍ തരൂരിന്റെ പ്രതികരണം.
എഐസിസി നേതൃത്വവും, സംസ്ഥാന ഘടകവും അതൃപ്തി പരസ്യമാക്കിയിട്ടും ശശി തരൂര്‍ പിന്നോട്ടില്ല. തരൂരിന് എങ്ങനെ കടിഞ്ഞാണ്‍ ഇടുമെന്നതില്‍ ഇരുകൂട്ടര്‍ക്കും വ്യക്തതയില്ല.
ജനവികാരത്തെയും, ലീഗ് അടക്കമുള്ള ഘടകകക്ഷികളേയും, സമുദായ നേതൃത്വങ്ങളെയും ഭയന്ന് രേഖാമൂലം പരാതി നല്‍കാന്‍ സംസ്ഥാന നേതാക്കള്‍ക്കും ധൈര്യമില്ല. വാക്കാല്‍ പലരും പറഞ്ഞ പരാതിയിലെ വികാരം തരൂരിനെ അറിയിക്കാനാണ് എഐസിസി നീക്കം.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച തരൂര്‍ പ്രവര്‍ത്തക സമിതി ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. എന്നാല്‍, ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഇതുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരൂരിനെ പരിഗണിക്കുന്നതില്‍ എഐസിസിയില്‍ ഏകാഭിപ്രായമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.