വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത ഓസ്‌ട്രേലിയയിലെ മുതിര്‍ന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് വത്തിക്കാനില്‍ വിശ്വാസി സമൂഹം യാത്രാമൊഴി നല്‍കി. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന മൃതസംസ്‌ക്കാര ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് പാപ്പയും കര്‍ദിനള്‍മാരും
മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും വൈദികരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
പെല്ലിന്റെ സഹോദരന്‍ ഡേവിഡ് പെല്ലും കസിന്‍ ക്രിസ് മെനിയും മറ്റ് കുടുംബാംഗങ്ങളും വൈദികരും വിശ്വാസികളും മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയയില്‍ നിന്നു വത്തിക്കാനില്‍ എത്തിയിരുന്നു.
ദൈവത്തിന്റെയും സഭയുടെയും ഏറ്റവും അടുത്ത മനുഷ്യനായ അദ്ദേഹം, അഗാധമായ വിശ്വാസം ഉള്ളവനായിരുന്നുവെന്നും ക്രിസ്തുവിനോട് വിശ്വസ്തനായിരിക്കുന്നതില്‍ മാത്രം ശ്രദ്ധാലുവായിരുന്നുവെന്നും മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ പറഞ്ഞു.
പാശ്ചാത്യ ലോകത്തെ വിശ്വാസത്തിന്റെ ദുര്‍ബലതയും കുടുംബങ്ങളുടെ ധാര്‍മ്മിക പ്രതിസന്ധിയും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. നല്ലവനും കാരുണ്യ സമ്പന്നനുമായ ദൈവം ഈ സഹോദരനെ സമാധാനത്തിലേക്കും അവിടുത്തെ സാമീപ്യത്തിലേക്കും സ്വാഗതം ചെയ്യണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹത്തെ ഭരമേല്‍പ്പിക്കുകയാണെന്നും കര്‍ദിനാള്‍ ജിയോവാനി കൂട്ടിച്ചേര്‍ത്തു.
മൃതസംസ്‌കാര ചടങ്ങുകളുടെ സമാപനത്തിലാണ് ഫ്രാന്‍സിസ് പാപ്പ ബസിലിക്കയില്‍ എത്തിയത്. ദൈവം കര്‍ദിനാളിന്റെ ആത്മാവിനെ എല്ലാ വിശുദ്ധന്മാരുമായും വിശ്വസ്തരുമായും ഒരുമിപ്പിക്കട്ടെയെന്നു പാപ്പ പ്രാര്‍ത്ഥിച്ചു. മരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട്, ശിക്ഷയില്‍ നിന്ന് മോചിതനായി, പിതാവിനോട് അനുരഞ്ജനം നടത്തി, നല്ല ഇടയന്റെ കരങ്ങളില്‍ വഹിക്കപ്പെട്ട്, നിത്യനായ രാജാവിന്റെ കൂട്ടായ്മയില്‍ പൂര്‍ണമായി നിത്യസന്തോഷത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹത്തിന് കാരുണ്യപൂര്‍ണമായ ഒരു വിധി നല്‍കപ്പെടട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് കര്‍ദ്ദിനാള്‍ പെല്ലിന്റെ മൃതശരീരം കൊണ്ടുപോയപ്പോള്‍ കരഘോഷം മുഴങ്ങി.
വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയറ്റിന്റെ മുന്‍ മേധാവിയായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ വ്യാജ ലൈംഗികാരോപണത്തിന്റെ പേരില്‍ 14 മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് നിരപരാധിയാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തി പകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയും ദൈവത്തിലുള്ള വിശ്വാസവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിലാണ് കര്‍ദിനാളിന്റെ ഭൗതിക ശരീരം അടക്കം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.