2024 ലും നരേന്ദ്രമോദി തന്നെ; നയം വ്യക്തമാക്കി ബിജെപി

2024 ലും നരേന്ദ്രമോദി തന്നെ; നയം വ്യക്തമാക്കി ബിജെപി

ന്യൂഡൽഹി: 2024 ലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ബിജെപി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കവേ കേന്ദ്രമന്ത്രിമാരായ അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി.

പ്രധാനമന്ത്രിയാകാന്‍ മമത ബാനര്‍ജിക്ക് കഴിവുണ്ടെന്നാണ് അമര്‍ത്യസെന്‍ പറഞ്ഞ് വച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാല്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നും അതിനുള്ള സാധ്യതകള്‍ വിലയിരുത്തി വാര്‍ത്ത ഏജന്‍സിയോട് സെന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോദിയുടെ തുടര്‍ സാധ്യതയെ കുറിച്ച് അമിത് ഷാ സൂചന നല്‍കുന്നത്. തിരഞ്ഞെടുപ്പ് വിജയം ഒരു സന്ദേശമായിരുന്നുവെന്നും 2024ല്‍ മോദി പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും അമിത്ഷാ അവകാശപ്പെട്ടു. പ്രധാനമന്ത്രി പദത്തില്‍ തല്‍ക്കാലം ഒഴിവില്ലെന്നാണ് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ മറുപടി. 

ആര്‍എസ്എസും മോദിക്ക് തന്നെയാണ് സാധ്യത കല്‍പിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞടുപ്പുകളിലും പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികളേയും ഉയര്‍ത്തി വോട്ട് നേടാനാണ് ബിജെപി ഉന്നമിടുന്നത്. 

തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നാളെയും മറ്റന്നാളുമായി ചേരുന്ന ബിജെപി നിര്‍ഹക സമിതി യോഗവും മോദിയെ മുഖമാക്കി തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാനുള്ള തന്ത്രങ്ങളാകും ചര്‍ച്ച ചെയ്യുക. പ്രധാനമന്ത്രിയുടെ റോഡ് ഷോ യോഗത്തിന് മുന്നോടിയായി നടത്തുന്നതും നേതാവാരെന്ന ചർച്ച വേണ്ടെന്ന സന്ദേശം നല്‍കുന്നതാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.