വത്തിക്കാൻ സിറ്റി: ബിഷപ്പുമാരുടെ പ്രവർത്തനങ്ങൾ കർത്താവിൽ ഭരമേൽപ്പിക്കുന്നതിനായി സെപ്തംബറിൽ നടത്താനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിന് മുന്നോടിയായി എല്ലാ കത്തോലിക്കാ സഭകൾക്കും പൊതുവായി ജാഗ്രത പ്രാർത്ഥനാ സമ്മേളനം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപ്പാപ്പ.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് എല്ലാ വർഷവും ജനുവരി 18 മുതൽ 25 വരെ നടക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ ഐക്യത്തിനായുള്ള പരമ്പരാഗത പ്രാർത്ഥനാ വാരത്തിനായി താൻ കാത്തിരിക്കുകയാണെന്നും മാർപ്പാപ്പ പറഞ്ഞു.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് "നല്ലത് ചെയ്യുക, നീതി അന്വേഷിക്കുക"(1:17) എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇതിന്റെ വെളിച്ചത്തിൽ "തന്റെ ജനത്തെ വിശ്വസ്തതയോടെയും ക്ഷമയോടെയും സമ്പൂർണ്ണ കൂട്ടായ്മയിലേക്ക് നയിക്കുന്ന കർത്താവിന് നാം ഓരോരുത്തരും നന്ദി പറയണമെന്ന് പാപ്പ ഓർമിപ്പിച്ചു.
കർത്താവിന്റെ ദാനങ്ങളാൽ നമ്മെ പ്രബുദ്ധരാക്കാനും കൃപകളിൽ നിലനിർത്താനും നമുക്ക് പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാമെന്നും ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.
ക്രിസ്ത്യൻ ഐക്യവും സിനഡൽ പരിവർത്തനവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു
ക്രൈസ്തവ സമൂഹത്തിന്റെ ഐക്യത്തിലേക്കുള്ള പാതയും സഭയുടെ സിനഡൽ പരിവർത്തനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു. ഇക്കാരണത്താൽ സെപ്‌റ്റംബർ 30 ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എല്ലാ കത്തോലിക്കാ സഭകൾക്കും പൊതുവായ ജാഗ്രത പ്രാർത്ഥനാ സമ്മേളനവും പാപ്പ പ്രഖ്യാപിച്ചു.
ബിഷപ്പുമാരുടെ സിനഡിന്റെ 16-ാമത് ഓർഡിനറി ജനറൽ അസംബ്ലിയുടെ പ്രവർത്തനം നാം ദൈവത്തെ ഏൽപ്പിക്കണം എന്നും പാപ്പ വിശദീകരിച്ചു. പ്രാർത്ഥനയ്ക്കായി കടന്നുവരുന്ന യുവജനങ്ങൾക്കായി ആ വാരാന്ത്യത്തിലുടനീളം ടൈസെ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ഒരു പ്രത്യേക പരിപാടി ഉണ്ടായിരിക്കുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.
ഫ്രാൻസിലെ ബർഗണ്ടിയിൽ സാനെ-എറ്റ്-ലോയർ എന്ന പ്രദേശത്തെ ടൈസെയിലെ ഒരു എക്യുമെനിക്കൽ ക്രിസ്ത്യൻ സന്യാസ സാഹോദര്യമാണ് ടൈസെ കമ്മ്യൂണിറ്റി. ലോകമെമ്പാടുമുള്ള മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിൽ നിന്നുള്ള നൂറിലധികം സഹോദരങ്ങൾ ചേർന്നതാണ് ഈ കമ്മ്യൂണിറ്റി.
ദൈവജനത്തിന്റെ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിലെയും സഹോദരീസഹോദരന്മാരെ ക്ഷണിക്കുന്നുവെന്നും പറഞ്ഞു ഫ്രാൻസിസ് മാർപ്പാപ്പ തന്റെ വാക്കുകൾ ഉപസംഹരിച്ചു.
കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.