വീണ്ടും താലിബാന്റെ പ്രാകൃത ശിക്ഷ: മോഷണക്കുറ്റം ആരോപിച്ച് ഒൻപത് പേർക്ക് പരസ്യചാട്ടവാറടി; നാല് പേരുടെ കൈകൾ വെട്ടിമാറ്റി

വീണ്ടും താലിബാന്റെ പ്രാകൃത ശിക്ഷ: മോഷണക്കുറ്റം ആരോപിച്ച് ഒൻപത് പേർക്ക് പരസ്യചാട്ടവാറടി; നാല് പേരുടെ കൈകൾ വെട്ടിമാറ്റി

കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ താലിബാൻ കവർച്ച, സ്വവർഗരതി എന്നീ കുറ്റങ്ങൾക്ക് ഒൻപത് പേരെ കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിൽ വെച്ച് പരസ്യമായി ശിക്ഷിച്ചതായി സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു. കാണ്ഡഹാറിലെ പ്രദേശവാസികളും പ്രാദേശിക ഭരണകർത്താക്കളും സംഭവത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 35 മുതൽ 39 തവണവരെയാണ് കുറ്റം ചുമത്തപ്പെട്ടവരെ ചാട്ടവാറടിക്ക് വിധേയമാക്കിയത്.

2022 നവംബർ 18 മുതൽ അവിഹിത ബന്ധമടക്കം ആരോപിച്ച് 100 ലേറെ സ്ത്രീകളും കുട്ടികളും അടങ്ങുന്നവരെ താലിബാൻ പരസ്യ ചാട്ടവാറടിക്ക് വിധേയമാക്കിയിരുന്നു. 20 മുതൽ 100 വരെ ചാട്ടവാറടിയാണ് ശിക്ഷയായി വിധിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ ഏഴിന് ഫറാ നഗരത്തിൽ ഒരാളെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തിരുന്നു.

മാത്രമല്ല മോഷണക്കുറ്റത്തിന് നാലുപേരുടെ കൈവെട്ടിയെടുത്ത് താലിബാൻ ശിക്ഷ നടപ്പാക്കിയതായും റിപ്പോർട്ട് ഉണ്ട്. പൊതുജനങ്ങൾക്ക് മുന്നിൽ കാണ്ഡഹാറിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. യു.കെയിലെ അഫ്ഗാൻ പുനഃരധിവാസ മന്ത്രാലയത്തിന്റേയും അഭയാർത്ഥി വകുപ്പ് മന്ത്രിയുടേയും ഉപദേശകയായിരുന്ന ഷബ്നം നസിമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

നീതിയുക്തമായ വിചാരണപോലും ഇല്ലാതെയാണ് ശിക്ഷ നടപ്പാക്കുന്നതെന്ന് അവർ ആരോപിച്ചു.

"താലിബാൻ ഇന്ന് കാണ്ഡഹാറിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് മോഷണക്കുറ്റം ആരോപിച്ച് നാല് പേരുടെ കൈകൾ പരസ്യമായി വെട്ടിമാറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യായമായ വിചാരണയും നടപടിക്രമങ്ങളും കൂടാതെ അഫ്ഗാനിസ്ഥാനിൽ ആളുകളെ തല്ലുകയും വെട്ടിമുറിക്കുകയും വധിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണ്" അവർ ട്വീറ്റ് ചെയ്തു.

ആഗോളതലത്തിൽ എതിർപ്പുയരുന്ന സാഹചര്യത്തിലും തൂക്കിലേറ്റുന്നതും ചാട്ടവാറിന് അടിക്കുന്നതും അടക്കമുള്ള ശിക്ഷാ രീതികളുമായി താലിബാൻ മുന്നോട്ട് പോവുകയാണ്. ഇത്തരം ശിക്ഷാ രീതികളിൽ ആശങ്ക അറിയിച്ച യു.എൻ ഇത് എത്രെയും പെട്ടെന്ന് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു.

അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻമാറിയതോടെ 2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം 2022 ഡിസംബര്‍ ഏഴിന് ഹെറാത്ത് നഗരത്തിലാണ് താലിബാന്‍ ആദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കിയത്.

ഹെറാത്ത് പ്രവശ്യയിലെ തന്നെ താമസക്കാരനായിരുന്ന താജ്മീർ എന്ന വ്യക്തിയെ ആണ് താലിബാന്‍ പരസ്യമായി തൂക്കിലേറ്റിയത്. കൊലപാതകം, മോഷണം തുടങ്ങിയ കുറ്റങ്ങളാരോപിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി തടവില്‍ കഴിയുകയായിരുന്നു ഇയാള്‍.

2022 നവംബര്‍ 18 മുതല്‍, തഖര്‍, ലോഗര്‍, ലഗ്മാന്‍, പര്‍വാന്‍, കാബൂള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറിലധികം അഫ്ഗാന്‍ പൗരന്മാര്‍ക്ക്‌ താലിബാന്‍ ചാട്ടവാറടി ശിക്ഷ നടപ്പാക്കിയിരുന്നു.

മോഷണം, വിവാഹേതര ബന്ധങ്ങള്‍, പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം എന്നിവയ്ക്ക് 20 മുതല്‍ 100 വരെ ചാട്ടവാറടികള്‍ നല്‍കുന്നതാണ് താലിബാന്റെ ശിക്ഷാരീതി. 2022 നവംബര്‍ 13 ന് ദൈവത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കുമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.