പൊരുതിവീണ് കിവീസ്; ഗില്ലിന്റെ ഇരട്ട സെഞ്ചുറി കരുത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് ജയം

പൊരുതിവീണ് കിവീസ്; ഗില്ലിന്റെ ഇരട്ട സെഞ്ചുറി കരുത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് ജയം

ഹൈദരാബാദ്: യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 349 റണ്‍മല താണ്ടാനിറങ്ങിയ കീവിസിന് അവസാന നിമിഷം അടിതെറ്റി. അവസാന ഓവര്‍ വരെ ജയസാധ്യതകള്‍ മാറിമറഞ്ഞ മത്സരത്തിനൊടുക്കം 12 റണ്‍സിനാണ് ന്യൂസിലാന്‍ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. വെടിക്കെട്ട് സെഞ്ചുറിയുമായി അവസാനം വരെ പൊരുതിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലിന്റെ പോരാട്ടത്തിനും കീവിസിന് രക്ഷയായില്ല. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ മുന്നിലെത്തി.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമായിരുന്നു എവരെയും ത്രസിപ്പിച്ചത്. 145 പന്തില്‍ 19 ഫോറും ഒമ്പത് സിക്സും അടക്കമായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ചുറി. ഇതോടെ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തം പേരിലാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെ റെക്കോര്‍ഡാണ് 23 കാരനായ ഗില്‍ മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് ഗില്‍.

49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സര്‍ പായിച്ചാണ് ഗില്‍ 200 പൂര്‍ത്തിയാക്കിയത്. 87 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഗില്‍ 122 പന്തുകളില്‍ 150 റണ്‍സ് നേടി. പിന്നീട് 200 തികയ്ക്കാന്‍ വേണ്ടിവന്നത് വെറും 23 പന്തുകള്‍ മാത്രം. ഓപ്പണറായി ഇറങ്ങിയ താരം അവസാന ഓവറിലാണ് പുറത്തായത്.

ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ ഗില്‍ സ്വന്തം പേരിലാക്കി. 19 ഇന്നിങ്സിലാണ് ഗില്‍ 1000 റണ്‍സ് പിന്നിട്ടത്. 24 ഇന്നിങ്സില്‍ 1000 റണ്‍സ് തികച്ച വിരാട് കോലിയുടെയും ശിഖര്‍ ധവാന്റെയും റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികച്ച ലോക താരങ്ങളുടെ പട്ടികയില്‍ പാകിസ്താന്റെ ഇന്‍സമാം ഉള്‍ ഹഖിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഗില്ലിന് സാധിച്ചു.

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (34 റണ്‍സ്), വിരാട് കോലി (എട്ട് റണ്‍സ്), ഇഷാന്‍ കിഷന്‍ (അഞ്ച് റണ്‍സ്), സൂര്യകുമാര്‍ യാദവ് (31 റണ്‍സ്), ഹര്‍ദ്ദിക് പാണ്ഡ്യ (28 റണ്‍സ്), വാഷിങ്ടണ്‍ സുന്ദര്‍ (12 റണ്‍സ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനങ്ങള്‍. ന്യൂസിലന്‍ഡിനായി ഹെന്റി ഷിപ്ലി, ഡാരിയല്‍ മിച്ചല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ തുടക്കം മികച്ചതായിരുന്നില്ല. ആറാം ഓവറില്‍ ടീം സ്‌കോര്‍ 28 ല്‍ നില്‍ക്കേ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ പുറത്തായി. പിന്നീടിറങ്ങിയവരെല്ലാം വേഗത്തില്‍ തന്നെ കൂടാരം കയറി. ഹെന്റി നിക്കോള്‍സ്(18), ഡാരില്‍ മിച്ചല്‍(ഒന്‍പത്), ടോം ലതാം(24), ഗ്ലെന്‍ ഫിലിപ്സ്(11) എന്നിവര്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. 131 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടമായ കിവീസ് വിജയലക്ഷ്യത്തിന് ഏടുത്തുപോലും എത്തില്ലെന്ന് തോന്നിച്ചു.

എന്നാല്‍ മൈക്കല്‍ ബ്രേസ്വെല്ലും മിച്ചല്‍ സാന്റ്നറും കരുതലോടെ ബാറ്റേന്തി. പതിയെ മികച്ച കൂട്ട്കെട്ട് പടുത്തുയര്‍ത്തിയ ഇരുവരും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സെഞ്ചുറിയുമായി ബ്രേസ്വെല്ലും അര്‍ധസെഞ്ചുറിയുമായി വിജയത്തിലേക്ക് അടുക്കുന്നതിടെ സാന്റ്നര്‍ പുറത്തായി. തുടര്‍ന്നും ബ്രേസ്വെല്‍ തകര്‍ത്തടിച്ചു കൊണ്ടേയിരുന്നു.

മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയും മത്സരത്തില്‍ പിടിമുറുക്കി. അവസാന ഓവറില്‍ 20 റണ്‍സാണ് കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ സിക്സടിച്ചാണ് ബ്രേസ്വെല്‍ തുടങ്ങിയത്. ഇന്ത്യ പരാജയം മുഖാമുഖം കണ്ടെങ്കിലും രണ്ടാം പന്തില്‍ ബ്രേസ്വെല്ലിനെ പുറത്താക്കി ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. 78 പന്തില്‍ 140 റണ്‍സെടുത്ത ബ്രേസ്വെല്‍ ഏവരുടേയും കയ്യടി നേടിയാണ് മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.