കോട്ടയം: പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചതായി പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തള്ളപ്പെട്ട ബിനു പുളിക്കക്കണ്ടം. കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ പേര് മാറ്റുകയായിരുന്നു. അണികളെ ബോധ്യപ്പെടുത്താനെങ്കിലും പാര്‍ട്ടി ഈ ചതിക്ക് കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ തന്നെ ചതിച്ചു. എല്ലാത്തിനും കാലം മറുപടി നല്‍കും. ഓടു പൊളിച്ച് കൗണ്‍സിലില്‍ വന്ന ആളല്ല താന്‍. ഞങ്ങളുടെ അണികളെ ബോധ്യപ്പെടുത്താനെങ്കിലും ഈ ചതിക്ക് കൂട്ട് നില്‍ക്കരുതായിരുന്നു. തെറ്റായ കീഴ് വഴക്കങ്ങളിലൂടെ ഉണ്ടായ തീരുമാനമാണ് ജോസിന്‍ ബിനോയുടെ ചെയര്‍മാന്‍ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്നിലാണ് ജോസ് കെ. മാണിയെ വിമര്‍ശിച്ച് ബിനു പ്രസംഗിച്ചത്. തോറ്റ ജോസ് കെ. മാണി ഇനി പാലായില്‍ മത്സരിക്കേണ്ടെന്ന് സി.പി.എം നാളെ പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യവും അദ്ദേഹം ചോദിച്ചു.
പത്രക്കാരോട് ഒന്ന് പറയുകയും മറിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഹിജഡകള്‍ക്കുള്ള മറുപടിയാകും ഇനി തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. കേരള നിയമസഭയിലും എംഎല്‍സി സംവിധാനം വേണമെന്ന് പ്രമേയം അവതരിപ്പിക്കുമെന്നും അല്ലെങ്കില്‍ ചിലര്‍ക്ക് നിയമസഭ കാണാന്‍ പറ്റില്ലെന്നും ജോസ് കെ. മാണിയെ ഉദ്ദേശിച്ച് ബിനു പരിഹസിച്ചു.
കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം ഇന്ന് കൗൺസിൽ സമ്മേളനത്തിന് എത്തിയത്. പ്രതിഷേധത്തിന്റെ കറുപ്പല്ല, ആത്മ സമര്‍പ്പണത്തിന്റെ കറുപ്പാണ് താന്‍ ധരിച്ച വേഷമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിയുടെ ഇടപെടലാണ് തന്റെ ചെയര്‍മാന്‍ സ്ഥാനം ഇല്ലാതാക്കിയത്. ജോസിന് വൈരാഗ്യം വരുന്ന കാര്യങ്ങളൊന്നും താന്‍ ചെയ്തിട്ടില്ല.
കലഹത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. ജോസിന്റെ സ്വഭാവ വൈകല്യം സിപിഎം മനസിലാക്കിയതു കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സംസാരിക്കുന്നതിനിടെ സിപിഎം ഏരിയാ സെക്രട്ടറി ബിനുവിനെ വിളിച്ചുകൊണ്ടുപോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.