ഗുണ്ടാ സംഘങ്ങളുമായി ബന്ധം: തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എസ്.പിമാര്‍ക്ക് സസ്പെന്‍ഷന്‍

ഗുണ്ടാ സംഘങ്ങളുമായി ബന്ധം: തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എസ്.പിമാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഗുണ്ടാബന്ധത്തിന്റെ പേരില്‍ രണ്ട് ഡി.വൈ.എസ്.പിമാര്‍ക്ക് സസ്പെന്‍ഷന്‍. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡി.വൈ.എസ്.പി എം. പ്രസാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടില്‍ ഇരുവരും ഇടനിലനിന്നുവെന്നാണ് കണ്ടെത്തല്‍.

ഗുണ്ട, മാഫിയ ബന്ധമുള്ള നാല് ഇന്‍സ്പെക്ടര്‍മാരെയും ഒരു സബ് ഇന്‍സ്പെക്ടറെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ ഇരുവര്‍ക്കുമെതിരെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ ഷാരോണ്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിന്റെ ഡി.വൈ.എസ്.പിയാണ് എം. പ്രസാദ്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന പ്രശ്‌ന പരിഹാര ചര്‍ച്ചയില്‍ ജോണ്‍സണും പ്രസാദും നേരത്തെ സസ്പെന്‍ഷനിലായ റെയില്‍വേ സി.ഐ അഭിലാഷും പങ്കെടുത്തിരുന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഗുണ്ടാ സംഘങ്ങളില്‍ നിന്ന് ഇവര്‍ സാമ്പത്തിക ലാഭം നേടിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ജോണ്‍സണ്‍ന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തത് ഗുണ്ടാ സംഘങ്ങളാണെന്ന വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ ഗുണ്ടകളുടെ മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നെന്ന ആരോപണവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

ഗുണ്ടാ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ജോണ്‍സണ്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഷാരോണ്‍ കേസിന്റെ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.