ന്യൂഡല്‍ഹി: ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണിനെപ്പോലുള്ള നേതാക്കളെയാണ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആവശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ജസീന്ദ ആര്‍ഡേണ്‍ അടുത്തമാസം സ്ഥാനമൊഴിയുമെന്നും ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജമില്ലെന്നും പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു കോണ്‍ഗ്രസ് നേതാവായ ജയറാം രമേശിന്റെ പ്രതികരണം.
ജസീന്ദയുടെ തീരുമാനത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, 'മികച്ച ക്രിക്കറ്റ് കമന്റേറ്ററായ വിജയ് മര്‍ച്ചന്റ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിരമിക്കലിനെ കുറിച്ച് പറഞ്ഞു. എന്തിനാണ് പോകുന്നതെന്ന് ആളുകള്‍ ചോദിക്കണം അല്ലാതെ എന്തുകൊണ്ട് പോകുന്നില്ലെന്ന് ചോദിക്കരുത്'. ഇതേ പാതയിലാണ് ജസീന്ത ആര്‍ഡേണും സ്ഥാനം ഒഴിയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന് അവരെ പോലെയുള്ളവരെ ആവശ്യമുണ്ട്' - ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രീയത്തില്‍ വരും തലമുറയ്ക്കായി നേതാക്കള്‍ ഇടം നല്‍കണമെന്ന കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്.
ജയറാം രമേഷിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവിന്റെ ഈ പ്രസ്താവനയ്ക്ക് ആളുകള്‍ പല തരത്തിലുള്ള പ്രതികരണങ്ങളാണ് നല്‍കുന്നത്. അദ്ദേഹം തന്നെ ആദ്യം രാഷ്ട്രീയം ഉപേക്ഷിക്കട്ടെ എന്ന് സൂചിപ്പിച്ചവരും കുറവല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നല്ലൊരു ശതമാനം നേതാക്കള്‍ ജസീന്ദ ആര്‍ഡേണിനെ പിന്തുടരണം എന്ന് ചൂണ്ടിക്കാട്ടിയവരും ഉണ്ട്.
ഫെബ്രുവരിയില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു. ആറ് വര്‍ഷത്തെ ഭരണത്തിന് ശേഷം അടുത്ത മാസം ഫെബ്രുവരിയില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്നും ഇനി തനിക്ക് നയിക്കാനും നടപ്പാക്കാനും പ്രത്യേകിച്ചൊന്നും ബാക്കിയില്ലെന്നും അവര്‍ പറഞ്ഞു.
പുതിയ നേതാവിനായുള്ള ലേബര്‍ പാര്‍ട്ടി വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ പാര്‍ട്ടി നേതാവായിരിക്കും പ്രധാനമന്ത്രിയായി തുടരുന്നത്. ആര്‍ഡേണിന്റെ നേതാവെന്ന കാലാവധി ഫെബ്രുവരി 7-ന് അവസാനിക്കും. പൊതുതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 14-ന് നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.