ഹര്‍ത്താല്‍ അക്രമം: വിവിധയിടങ്ങളിലായി 24 പി.എഫ്.ഐ നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി

ഹര്‍ത്താല്‍ അക്രമം: വിവിധയിടങ്ങളിലായി 24 പി.എഫ്.ഐ നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി

കൊല്ലം: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകള്‍ ജപ്തി ചെയ്തു തുടങ്ങി. വിവിധ ജില്ലകളിലായി ഇതുവരെ 24 നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂ അധികൃതരാണ് ജപ്തിചെയ്യുന്നത്.

കൊല്ലത്ത് പിഎഫ്ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെ വീടും സ്വത്തുക്കളും കണ്ടുകെട്ടി. കുന്നംകുളത്ത് അഞ്ച് നേതാക്കളുടെയും കാസര്‍കോട് നാല് നേതാക്കളുടെയും സ്വത്തുക്കള്‍ക്കള്‍ കണ്ടുകെട്ടി. എറണാകുളത്ത് ആറിടങ്ങളിലും തിരുവനന്തപുരത്ത് അഞ്ചിടത്തും ജപ്തി നടന്നു. വയനാട്ടില്‍ 14 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

പോപുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങളില്‍ കടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്വീകരിച്ചിരുന്നത്. സര്‍ക്കാറും കെഎസ്ആര്‍ടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സെപ്തംബര്‍ 29ന് ബഞ്ച് നിര്‍ദേശിച്ചിരുന്നു. വിധി സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.

ജപ്തി നടപടികള്‍ വേഗത്തിലാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തു. 687 പേരെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2022 സെപ്തംബര്‍ 23നായിരുന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നല്‍ ഹര്‍ത്താല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.