അങ്കാറ: തുര്‍ക്കിയില്‍ ആകാശത്ത് പറക്കും തളികയുടെ ആകൃതിയില്‍ കണ്ട അത്യപൂര്‍വ പ്രതിഭാസം ജനങ്ങളെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. ഹോളിവുഡ് സിനിമകളില്‍ കണ്ടു ശീലിച്ച പറക്കും തളികയാണോ കണ്‍മുന്‍പില്‍? ഒരു മണിക്കൂറോളം ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ പ്രതിഭാസം പല ചര്‍ച്ചകള്‍ക്കും വഴിവെച്ചു.
തുര്‍ക്കിയിലെ ബുര്‍സ അടക്കമുള്ള ചില നഗരങ്ങളിലാണ് കഴിഞ്ഞ ദിവസം രാവിലെ അവിശ്വസനീയമായ മേഘ രൂപീകരണം ദൃശ്യമായത്. പറക്കും തളിക പോലിരുന്ന മേഘം ആളുകളില്‍ ആശ്ചര്യമുണ്ടാക്കി. ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
സൂര്യോദയസമയത്ത് പ്രത്യക്ഷപ്പെട്ട മേഘത്തിന്റെ മധ്യഭാഗത്ത് വലിയ ദ്വാരം പോലെ ദൃശ്യമായിരുന്നു. ഒരു മണിക്കൂറോളം ആ മേഘപടലം ഇളക്കം തട്ടാതെ നില്‍ക്കുകയും ചെയ്തു.
മേഘത്തിന്റെ നിറം, ഓറഞ്ചില്‍ നിന്ന് മഞ്ഞയിലേക്കും പിന്നീട് പിങ്ക് നിറമായും മാറി. ബുര്‍സയിലെ ആകാശത്തില്‍ പിറവി കൊണ്ട അപൂര്‍വ്വ ദൃശ്യം സമൂഹ മാധ്യങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
നക്ഷത്ര നിരീക്ഷകരെയടക്കം അമ്പരപ്പിച്ച ആ കാഴ്ച, 'ലെന്റിക്കുലാര്‍ ക്ലൗഡ്‌സ്' എന്ന പ്രതിഭാസമാണെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.
ലെന്റികുലാര്‍ മേഖങ്ങള്‍
തുര്‍ക്കി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വെബ്സൈറ്റില്‍ ഇത്തരം മേഘങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിശക്തമായ കാറ്റിന്റെ ഗതിമാറ്റങ്ങളെ തുടര്‍ന്നും അന്തരീക്ഷ സമ്മര്‍ദങ്ങളെ തുടര്‍ന്നും ഇത്തരത്തില്‍ മേഘങ്ങള്‍ രൂപപ്പെട്ടേക്കാം എന്നും വിദഗ്ധര്‍ പറയുന്നു. 2000 മുതല്‍ 5000 മീറ്റര്‍ ഉയരത്തിലാവും ഇത്തരത്തില്‍ മേഘം രൂപപ്പെടുന്നത് എന്നാണ് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശൈത്യകാലത്താണ് ഇത്തരത്തില്‍ മേഘരൂപങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതല്‍.
പറക്കുംതളികകള്‍ക്ക് സാധാരണ ലോകത്തുള്ള എല്ലാ ശാസ്ത്രജ്ഞരും നല്‍കുന്ന വിശദീകരണമാണിത്. ഇത്തരം അജ്ഞാത രൂപങ്ങള്‍ ലെന്റികുലാര്‍ മേഘങ്ങളാണെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.
അമേരിക്കയില്‍ 170ല്‍ അധികം പറക്കും തളികകള്‍ക്ക് സമാനമായ വസ്തുക്കളെ ആകാശത്ത് കണ്ടുവെന്നാണ് പൈലറ്റുമാരെ ഉദ്ധരിച്ച് ഇന്റലിജന്‍സ് രേഖയിലുള്ളത്. എന്നാല്‍ അത് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. നാസയിലെ ശാസ്ത്രജ്ഞര്‍ പറക്കും തളികകളെകുറിച്ചുള്ള രഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ ശ്രമിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.