പി.ടിയെ പിടിച്ച് കൂട്ടിലാക്കി: നാട്ടുകാര്‍ക്ക് സന്തോഷം; ദൗത്യ സംഘത്തിന് ആശ്വാസം

പി.ടിയെ പിടിച്ച് കൂട്ടിലാക്കി: നാട്ടുകാര്‍ക്ക് സന്തോഷം; ദൗത്യ സംഘത്തിന് ആശ്വാസം

പാലക്കാട്: പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച പി.ടി സെവന്‍ എന്ന കാട്ടുകൊമ്പനെ ദൗത്യം പിടികൂടി ധോണി ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് തയ്യാറാക്കിയ കൂട്ടിലാക്കി.

രാവിലെ 7.15 ന് മയക്കു വെടിവെച്ച് തളച്ച പി.ടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ പിന്നീട് ലോറിയില്‍ കയറ്റി. ഉച്ചയോടെ ധോണി ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് തയ്യാറാക്കിയ അനയെ പാര്‍പ്പിക്കാനുള്ള കൂട്ടിലേക്ക് മാറ്റി.

140 യൂക്കാലിപ്റ്റ്‌സ് മരം കൊണ്ടുള്ള കൂടാണ് ഒരുക്കിയിട്ടുള്ളത്. കൂടിന്റെ ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്. ആന കൂട് തകര്‍ക്കാന്‍ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്റ്റ്‌സ് ആയതിനാല്‍ ചതവേ ഉണ്ടാകൂ.

മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ ലോറിയില്‍ കയറ്റിയത്. ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയായിരുന്നു.

ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്ത ശേഷമാണ് ലോറിയിലേക്ക് കയറ്റിയത്. ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കും ഇടയിലെ വനാതിര്‍ത്തിക്കടുത്തു വച്ചാണ് മയക്കുവെടി വച്ചത്.

ഇടതു ചെവിക്കു താഴെ മുന്‍കാലിന് മുകളിലായാണ് കാട്ടുകൊമ്പന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കിയത്.

ആനയെ തളച്ചതില്‍ ധോണിയിലെ നാട്ടുകാര്‍ സന്തോഷം പ്രകടിപ്പിച്ചു. വനംവകുപ്പിനോടും ദൗത്യസംഘത്തോടും നന്ദി അറിയിച്ചു. ഏറെ നാളുകളായി പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച് നാട്ടിലിറങ്ങി പ്രദേശ വാസികളെ ഭീതിയാഴ്ത്തി വരികയായിരുന്നു പി ടി സെവന്‍.

പ്രഭാത സവാരിക്കിറങ്ങിയെ ഒരാളെ ആന കൊല്ലുകയും നാട്ടിലെ കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.