'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍': ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കമെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും

 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍': ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കമെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും

തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയ്യാറാക്കിയ 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കി. ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു.
മോഡി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ബി.ബി.സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും വ്യക്തമാക്കിയിട്ടുണ്ട്.

ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘപരിവാറിനും മോഡിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇന്നും നാളെയുമായി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് പുറത്തിറക്കും.

അതേസമയം കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടയുമെന്ന് ബിജെപി അറിയിച്ചു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

ഡോക്യുമെന്ററി ഡല്‍ഹി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഇടത് സംഘടനകളും അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റില്‍ പ്രദര്‍ശനം നടക്കുകയുണ്ടായി. ഇതിനെതിരെ എ.ബി.വി.പി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത ഡോക്യുമെന്ററി ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്നും ഒഴിവാക്കി. പല കാരണങ്ങള്‍ കൊണ്ടാണ് നീക്കിയതെന്നാണ് വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.