ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം അല്‍പ സമയം നിലച്ചു; ചലന ദിശയില്‍ വ്യത്യാസം സംഭവിച്ചതായും പഠന റിപ്പോര്‍ട്ട്

ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം  അല്‍പ സമയം നിലച്ചു; ചലന ദിശയില്‍ വ്യത്യാസം സംഭവിച്ചതായും പഠന റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം അല്‍പ സമയം നിലച്ചിരുന്നതായും ചലനദിശയില്‍ വ്യത്യാസം സംഭവിച്ചതായും ശാസ്ത്രജ്ഞര്‍. നേച്ചര്‍ ജിയോ സയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2009 ലാണ് ഭൂമിയുടെ അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ചെറിയൊരു സമയം നിലച്ചതെന്നും തുടര്‍ന്ന് വിപരീത ദിശയില്‍ ചലിക്കാനാരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 35 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാ വ്യതിയാനമാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഭൂമിയുടെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അകക്കാമ്പ് ഒരു ഊഞ്ഞാല്‍ പോലെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതായാണ് ഗവേഷകര്‍ പറയുന്നത്. 35 വര്‍ഷം കൂടുമ്പോള്‍ ചലനദിശ വ്യത്യാസപ്പെടും.

ഇതിനുമുമ്പ് 1970 ല്‍ ഇത്തരത്തില്‍ ചലനദിശ വ്യത്യാസപ്പെട്ടതായും ഇനി 2040 ല്‍ വീണ്ടും ദിശാവ്യത്യാസം ഉണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യി യാങ്, ഷിയാവോ ദോങ് സോങ് എന്നീ ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയിലെ പെക്കിങ് സര്‍വകലാശാലയിലെ ശാസ്ത്ര വിദഗ്ധരാണ് ഇരുവരും.

ഭൂമിയുടെ പാളികളെ മൂന്ന് ഭാഗങ്ങളായാണ് ശാസ്ത്രജ്ഞര്‍ വിഭജിച്ചിരിക്കുന്നത്. ക്രസ്റ്റ് അഥവാ ഭൂവല്‍ക്കം, മാന്റില്‍ അഥവാ മധ്യഭാഗം , കോര്‍ അഥവാ അകക്കാമ്പ്. ഇതില്‍ അകക്കാമ്പിന്റെ തൊട്ടു മുകളിലുള്ള ഭാഗത്തെ പുറക്കാമ്പ് എന്നാണ് പറയുന്നത്. പ്രധാനമായും നിക്കല്‍, ഇരുമ്പ് എന്നിവയാല്‍ നിര്‍മിതമായ ഭാഗമാണിത്.


ഏറ്റവും താണ വിസ്‌കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടു താഴെയാണ് അകക്കാമ്പ്. അകക്കാമ്പിന്റെ ഒരുഭാഗം ഇരുമ്പ് പരലുകളാണെന്നാണ് കരുതപ്പെടുന്നത്. അകക്കാമ്പിലെ താപനില ഏകദേശം സൂര്യോപരിതലത്തിനോടടുത്ത് 6000 ഡിഗ്രി സെല്‍ഷ്യസ് ആണെന്നാണ് നിഗമനം. ഉയര്‍ന്ന മര്‍ദം കാരണം അകക്കാമ്പ് ഖരാവസ്ഥയിലാണ് കാണപ്പെടുന്നത്.

ഭൂമിയുടെ ഉപരിതലത്തിന് മൂവായിരം മൈലുകള്‍ക്കപ്പുറമാണ് അകക്കാമ്പ് എന്നതിനാല്‍ തന്നെ ഈ ഭൂഭാഗത്തെക്കുറിച്ച് ശാസ്ത്ര ലോകത്തിന് പരിമിത അറിവ് മാത്രമാണുള്ളത്. ഭൂമിയുടെ കാന്തിക സുരക്ഷാ മണ്ഡലം സൃഷ്ടിക്കുന്നതിലും ഹാനികരമായ കിരണ പ്രസരണത്തെ പ്രതിരോധിക്കുന്നതിലും ഉള്‍പ്പെടെ നിരവധി സംഗതികളില്‍ അകക്കാമ്പ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ഏകദേശം ചന്ദ്രന്റെ മൂക്കാല്‍ ഭാഗത്തോളം വലിപ്പമുള്ള ഒരു പന്ത് പോലെയാണ് അകക്കാമ്പ്. ദ്രവാവസ്ഥയിലുള്ള പുറംപാളി ക്കുള്ളിലായതിനാല്‍ അകക്കാമ്പിന് വ്യത്യസ്ത വേഗതയിലും ദിശയിലുമുള്ള ഭ്രമണം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭ്രമണ വേഗതയിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായ രൂപമില്ല.

ഭൂകമ്പ തരംഗങ്ങളുടെ പഠനത്തിനിടെ 1936 ലാണ് ഭൂമിയുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന അകക്കാമ്പിനെ കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. ഏകദേശം 7000 കിലോമീറ്റര്‍ വിസ്തൃതിയാണ് അകക്കാമ്പിനുള്ളത്.

1996 ല്‍ നേച്ചര്‍ നടത്തിയ തുടര്‍ പഠനത്തില്‍ ഭൂകമ്പ തരംഗങ്ങള്‍ അകക്കാമ്പിലൂടെ സഞ്ചരിക്കാനെടുക്കുന്ന സമയ ദൈര്‍ഘ്യത്തില്‍ സ്ഥിരമായ മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കോറിന്റെ വാര്‍ഷിക ഭ്രമണവേഗത മാന്റില്‍, ക്രസ്റ്റ് എന്നിവയുടെ ഭ്രമണ വേഗതയേക്കാള്‍ ഒരു ഡിഗ്രി അധികമായതിനാലാണ് ഈ മാറ്റമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.


അകക്കാമ്പിന്റെ ചലനത്തിന് ഭൂമിയുടെ ദിന ദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അകക്കാമ്പിന്റെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഭൂമിയുടെ ഭ്രമണത്തിനാവശ്യമായ സമയത്തില്‍ നേരിയ മാറ്റങ്ങളുണ്ടായേക്കാം. ഭൂമിയുടെ ഭ്രമണത്തില്‍ കാന്തിക പ്രഭാവത്തിന്റെ സ്വാധീനമുള്ളതിനാലും ഭൂമിയുടെ വ്യത്യസ്ത പാളികളായ ഭൂവല്‍ക്കവും മാന്റിലും അകക്കാമ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണിത്.

ഭൂമിയുടെ വ്യത്യസ്ത പാളികളുടെ പരസ്പര ബന്ധം വെളിപ്പെടുത്തുന്നതാണ് ഭ്രമണ സമയത്തിലുണ്ടാകുന്ന വ്യത്യാസം. കേന്ദ്രത്തിലുള്ള അകക്കാമ്പിലും പിന്നീട് മധ്യ മേഖലയിലും ഭൂവല്‍ക്കത്തിലുമുണ്ടാകുന്ന ചലനങ്ങള്‍ക്ക് മറ്റുപാളികളിലും അന്തിമമായി ഭൗമോപരിതലത്തിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഭൂകമ്പമോ അഗ്‌നിപര്‍വത സ്ഫോടനമോ സംഭവിക്കുമ്പോള്‍ മാത്രമാണ് ഒരുപക്ഷേ ഭൗമാന്തര്‍ഭാഗത്തെ ചലനങ്ങളെക്കുറിച്ച് നാം ചിലപ്പോഴെങ്കിലും ഓര്‍മിക്കുന്നത്. ഭ്രമണവും പരിക്രമണവും പോലെ ഭൂമിയുടെ ഉള്‍ഭാഗത്തും നിരന്തരം ചലനമുണ്ടാകുന്നുണ്ട്.

അകക്കാമ്പ് അഥവാ കോറില്‍ സംഭവിക്കുന്ന തികച്ചും സ്വാഭാവികമായ ആനുകാലിക ചലനങ്ങള്‍ ഭൗമോപരിതലത്തിന്റെ പരിസ്ഥിതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഭ്രമണ ദിശയിലുണ്ടാകുന്ന വ്യത്യാസം ഭൂമിക്കോ ഭൂമിയിലെ ജീവജാലങ്ങള്‍ക്കോ ഭീഷണിയുയര്‍ത്താനിടയില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ തുടരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.