ഇന്ത്യൻ ഗ്രാമത്തെ കുഷ്ഠരോഗ വിമുക്തമാക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു ഡോക്ടറുടെ അവിശ്വസനീയമായ ജീവിതകഥ

ഇന്ത്യൻ ഗ്രാമത്തെ കുഷ്ഠരോഗ വിമുക്തമാക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു ഡോക്ടറുടെ അവിശ്വസനീയമായ ജീവിതകഥ

ഡോക്ടർ ഹെലീന പിസ്... ജനനം പോളണ്ടിലെ വാഴ്സോയിലാണ്. എന്നാൽ കഴിഞ്ഞ 33 വർഷമായി ഇന്ത്യയിലെ ഛത്തീസ്ഗഢിൽ കുഷ്ഠരോഗബാധിതരായ രോഗികളെ ചികിത്സിക്കുകയും അവരുടെ കുട്ടികളെ വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുകയും ചെയ്തുകൊണ്ട് ജീവോദയ എന്ന സ്ഥാപനത്തിൽ ജീവിക്കുന്നു.

പത്താം വയസിൽ ബാധിച്ച പോളിയോ രോഗത്തെ മുന്നോട്ടുള്ള വഴികളിൽ ഒരു വിലങ്ങു തടിയായി കാണാതെ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയവൾ, ദൈവശാപമാണ് കുഷ്ഠരോഗം എന്ന് വിധിയെഴുതിയിരുന്ന ഒരു കാലഘട്ടത്തിൽ, ഒരു ബാക്ടീരിയ പരത്തുന്ന ഒരു രോഗം മാത്രമാണിതെന്ന് പറഞ്ഞു പഠിപ്പിക്കാനും അവരെ ശുശ്രൂഷിക്കാനും ഒരു നാട്ടിലെ വിശ്വാസങ്ങളോട് രാപകൽ പോരാടിയവൾ...അവളുടെ ജീവിതകഥ പവെൽ വൈസോസിൻസ്കി സംവിധാനം ചെയ്ത "ലോംഗ് ഡേ ടുമാറോ" എന്ന ഡോക്യുമെന്ററിയിൽ വരച്ചുകാണിച്ചിട്ടുണ്ട്.


ഡോക്ടർ ഹെലീന പിസ്

1969 ൽ വൈദികനായ ആദം വിഷ്വീസ്കി, പല്ലോട്ടീൻ, സഹോദരി ബാർബറ ബിർസിൻസ്ക എന്നിവർ ചേർന്ന് സ്ഥാപിച്ച സംസ്കൃതത്തിൽ ജീവിതത്തിന്റെ പ്രഭാതം എന്നർത്ഥമുള്ള ജീവോദയ ഒരു ചാരിറ്റി സ്ഥാപനമാണ്. ഇന്ന് അത് 100 ഓളം കുഷ്ഠരോഗബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങൾക്കും അവരുടെ ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന 400 കുട്ടികൾക്കും വീടാണ്.

കുഷ്ടരോഗ ചികിത്സയ്ക്കുള്ള ഒരു ക്ലിനിക്കും അതിനോട് ചേർന്ന ഒരു പള്ളിയും അടങ്ങുന്നതാണ് ജീവോദയയുടെ പ്രവർത്തന മേഖല. 1948 ൽ വാഴ്സോയിൽ ജനിച്ച ഡോക്ടർ ഹെലീനയുടെ സേവന പ്രവർത്തങ്ങൾ ജീവോദയയിലേക്ക് ആകർഷിച്ചത് യാദൃശ്ചികമായോ അല്ലെങ്കിൽ വിധി മൂലമോ ആണ്.

ഫാദർ വിഷ്‌നെവ്‌സ്‌കിയുടെ മരണത്തെക്കുറിച്ച് കേട്ടറിഞ്ഞ ഡോക്ടർ ഹെലീന തുടർന്നുള്ള ക്ലിനിക്കിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 1989 ഫെബ്രുവരിയിൽ അവൾ ഛത്തീസ്ഗഢിൽ എത്തി.


ഭാഷ അറിയാതെ, കുഷ്ഠരോഗികളെ ചികിൽസിച്ച് യാതൊരു മുൻപരിചയവുമില്ലാതെ അവൾ ആ ക്ലിനിക്കിൽ പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചു. തുടക്കത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല എന്ന് ഡോക്ടർ ഹെലീന പറയുന്നു. എന്നാൽ വെറും രണ്ട് മാസത്തിനുള്ളിൽ ജീവോദയയാണ് ഭൂമിയിലെ തന്റെ പ്രവർത്തനമണ്ഡലമെന്ന് അവർ തിരിച്ചറിഞ്ഞു.

കുഷ്ഠരോഗം എന്താണെന്ന് ഇവിടുത്തെ ആളുകൾക്ക് അറിയില്ലായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. കുഷ്ഠം ഒരു ഭയാനകമായ രോഗമല്ല. ഇത് ഒരു ബാക്ടീരിയ രോഗമാണ്. ആൻറിബയോട്ടിക്കുകൾ ഇത്രയേറെ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ ഒരിക്കലും കുഷ്ഠം ഗുരുതരമായ കാര്യമല്ല. എന്നാൽ ആളുകൾ അതിനെ ഭയക്കുന്നു എന്നതാണ് പ്രശ്നമെന്നും അവർ വിശദീകരിച്ചു.

ഒരു രോഗിക്ക് കുഷ്ഠരോഗം ഉണ്ടെന്ന് സംശയിച്ചാലും അവർ അത് സമ്മതിക്കില്ല. കാരണം ഈ രോഗം ബാധിക്കുന്നതിലൂടെ സമൂഹത്തെ താൻ കളങ്കപ്പെടുത്തപ്പെത്തുമെന്നും അവർക്കിടയിൽ നിന്നും പുറത്താക്കപ്പെടുമെന്നും രോഗികൾ ഭയപ്പെടുന്നു. ഇത് ബാക്ടീരിയയല്ല, ദൈവത്തിന്റെ ശിക്ഷയാണെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു.


എന്നാൽ ചില രോഗികൾ ഈ രോഗത്തെ താഴ്മയോടെ സ്വീകരിച്ചാൽ, അടുത്ത ജന്മത്തിൽ തങ്ങളുടെ ജീവിതം മികച്ചതായിരിക്കുമെന്ന് വിശ്വസിക്കുന്നതാണ് അതിലേറെ ഭയാനകമെന്നും ഡോക്ടർ ഹെലീന വ്യക്തമാക്കുന്നു. രോഗം ബാധിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ജാതിയിലും ഉൾപ്പെടാതെയും ആരുടേയും സഹായമില്ലാതെയും തൊട്ടുകൂടാത്തവരായി പരിഗണിക്കപ്പെടുന്ന തന്റെ രോഗിയോടുള്ള മറ്റുള്ളവരുടെ മനോഭാവം, രോഗം പോലെ തന്നെ ഹെലീനയുടെ ശത്രുവാണ്.

“നമുക്ക് കുഷ്ഠരോഗികളോട് സഹതാപം തോന്നേണ്ടതില്ല. എന്നാൽ ആരെങ്കിലും അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രോഗികൾക്ക് ശരിക്കും എന്താണ് വേണ്ടതെന്ന് മുന്നോട്ട് കടന്നുവരുന്നവർ ചിന്തിക്കണം” ഡോക്ടർ പറയുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി നടത്തുന്ന നിസ്വാർത്ഥമായ സേവനത്തിന് ശേഷം ഇപ്പോഴും പുറത്തുനിന്നുള്ള ഒരു വ്യക്തിയായി കണക്കാക്കപ്പെടുന്ന ഡോക്ടറും ജീവോദയയിലെ പ്രവർത്തങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്ന ദാതാക്കളും ഉദ്യോഗസ്ഥരും തമ്മിലുള്ള വ്യത്യസ്ത ആശയങ്ങളുടെ ഏറ്റുമുട്ടൽ ഡോക്യുമെന്ററിയിലെ വിഷയങ്ങളിലൊന്നാണ്.

എങ്കിലും ഡോക്യുമെന്ററി പൂർണ്ണമായും ഡോ. ഹെലീനയെ ചുറ്റിപ്പറ്റിയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വളരെ ശക്തമായ നിലപാടുകളും വിവേകമതിയും കുട്ടികളോട് കരുണയോടെ ഇടപെടുകയും ചെയ്യുന്ന സഹാനുഭൂതിയുള്ള ഒരു സ്ത്രീ, എന്നാൽ ഇപ്പോൾ പോളിയോ സംബന്ധമായ അസുഖം കാരണം വീൽചെയറിൽ ഇരുന്നുകൊണ്ട് ക്ലിനിക്കുമായി ബന്ധപ്പെട്ട ഓരോ പ്രവർത്തങ്ങൾക്കും അവർ നേതൃത്വം നൽകുന്നു.

പാവെൽ വൈസോക്‌സാൻസ്‌കി എന്ന സംവിധായകന് ഡോ. ഹെലീനയെ കണ്ടുമുട്ടിയ നിമിഷം തന്നെ മനസിലാക്കിയിരുന്നു, അവരുടെ കഥയാണ് താൻ ഇത്രനാൾ പറയാൻ ആഗ്രഹിച്ചതെന്ന്. ഹെലീന കണിശക്കാരിയാണ്.. ചിലപ്പോൾ പരുഷമായാണ് പെരുമാറുന്നത്. ചിലപ്പോൾ അത് ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം, എങ്കിലും ഞങ്ങൾ അത് കാണിക്കാൻ ആഗ്രഹിച്ചു. പ്രദേശത്തെ ഇടവകയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പുരോഹിതൻ ഡോ. ഹെലീനയെ മദർ തെരേസ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും വൈസോക്‌സാൻസ്‌കി പറയുന്നു.


ഡോക്യുമെന്ററിയുടെ സംവിധായകൻ പാവൽ വൈസോസിൻസ്കി

ശക്തമായ ഒരു തിരക്കഥയ്ക്ക് അർഹമായ ഒരു ജീവിതമായിരുന്നു തന്റെ സിനിമയ്ക്ക് ആവശ്യമെന്ന് വൈസോക്‌സാൻസ്‌കി വിശദീകരിക്കുന്നു.

"ഒരു കഥയ്ക്ക് വേണ്ടിയുള്ള സാഹസിക യാത്ര ഒമ്പത് വർഷം മുമ്പ് 2011 ൽ സൊമാലിയയിൽ ഞാൻ തുടങ്ങിയത്. വാർസോ ആസ്ഥാനമായി സൊമാലിയയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഫൗണ്ടേഷനുമായി സഹകരിച്ച് അഭയാർത്ഥികളെ സഹായിക്കുന്ന ഒരു ഡോക്ടർമാരുടെ ജോലി ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് സാധിക്കാതെ വന്നു" എന്നും വൈസോക്‌സാൻസ്‌കി പറഞ്ഞു.

പിന്നീടുള്ള അന്വേഷണത്തിൽ പോളണ്ടിൽ തന്റെ വേനൽക്കാലം ചെലവഴിക്കുകയായിരുന്ന ഡോക്ടറായ ഹെലീന പിസിനെ താൻ കണ്ടുമുട്ടിയതെന്നും വൈസോക്സാൻസ്കി ഓർമ്മിക്കുന്നു. ഹെലീനയുടെ ദൈനംദിന ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാക്കുന്നതിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വിവിധ രംഗങ്ങൾ റെക്കോർഡ് ചെയ്യുന്നതിനും ഒരു ദിവസം 20 മണിക്കൂർ വരെ അവളുടെ വസ്ത്രത്തിൽ ലാവലിയർ ഘടിപ്പിച്ചിരുന്നു.

സിനിമ കാണിക്കാത്ത ഒരു കാര്യം കുഷ്ഠരോഗം മൂലമുണ്ടാകുന്ന കഷ്ടപ്പാടുകളാണ്. “ജീവോദയയിൽ ആളുകൾ രോഗത്താൽ മരണത്തിന് കീഴടങ്ങാറുണ്ട്. കൈകാലുകൾ നഷ്ടപ്പെടുന്ന വളരെ രോഗികളായ കുഷ്ഠരോഗികളുണ്ട്. നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത അവസ്ഥയിൽ ജീവിക്കുന്ന ആളുകളുണ്ട്. എന്നാൽ ഞങ്ങൾ അതെല്ലാം സിനിമയിൽ കാണിച്ചില്ല. കാരണം ഇത് വേദന മൂലം മരണമടയുന്നവരെ വികലമായി ചിത്രീകരിക്കുന്നതിനെ ഇടയാക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് അങ്ങനെ ചെയ്യാനുള്ള അവകാശമില്ല” വൈസോക്‌സാൻസ്‌കി വിശദീകരിച്ചു.


എങ്കിലും മറ്റ് വിഷയങ്ങളിൽ നിന്ന് ഡോക്യുമെന്ററി ഒഴിഞ്ഞുമാറുന്നില്ല. 33 വർഷത്തിനു ശേഷവും ഹെലീന യോട് ഇപ്പോഴും നാട്ടുകാരുടെ മാനസികാവസ്ഥ, പദ്ധതിയോടുള്ള അവരുടെ സമീപനം, അവരുടെ നന്മയ്ക്കായി ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കാനുള്ള സന്നദ്ധത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡോക്യുമെന്ററി യാഥാർഥ്യങ്ങൾ തുറന്ന് കാണിക്കുന്നു. എന്നാൽ ഏതൊരു പ്രതികൂല ഡോ. ഹെലീന തന്റെ ജോലി ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.

"ജീവോദയ എന്നാൽ ജീവിതത്തിന്റെ ഒരു പുതിയ തുടക്കമാണ് ഞങ്ങൾ നേടാൻ ആഗ്രഹിക്കുന്നത്. അതിനാൽ ഇവിടെയെത്തുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ അതേ വിധി ഉണ്ടാകരുത്. ഞങ്ങളുടെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ഇതുവരെ കുഷ്ഠരോഗം കണ്ടെത്തിയിട്ടില്ല. മുമ്പ് അവർക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. കാരണം അവർ ഒരു കുഷ്ഠരോഗ കോളനിയിലാണ് ജീവിച്ചിരുന്നത്" ഡോക്ടർ ഹെലീന വിശദീകരിക്കുന്നു.

ഇതിനകം തന്നെ രണ്ട് തലമുറകളെ താൻ വളർത്തിയിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു. "ആ കുട്ടികൾ ഇപ്പോൾ അവരുടെ കുട്ടികളുമായി എന്നെ കാണാൻ വരുന്നു. ഇവിടെ വളരുന്ന ഓരോ കുട്ടികളുടെയും ഭാവി എനിക്കറിയില്ല. പക്ഷേ ആ കുട്ടികളുടെ ജീവിതം അവരുടെ മാതാപിതാക്കളേക്കാൾ മികച്ചതായിരിക്കുമെന്ന് ഞാൻ കരുതുന്നു" അവർ പറഞ്ഞു.


ജീവോദയ സ്കൂളിലെ വിദ്യാർത്ഥികൾ

അതേസമയം ജീവോദയയിൽ സ്ഥിരമായി താമസിക്കുന്ന മെഡിക്കൽ ഉദ്യോഗസ്ഥരെ കണ്ടെത്തുക ഒരു പ്രശ്നമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തനിക്ക് കഴിയുന്ന അത്ര നാൾ ഈ ജോലിയിൽ തുടരുമെന്നും ഡോക്ടർ ഹെലീന വ്യക്തമാക്കി. അമ്മയ്ക്ക് മതിയെന്ന് പറയാൻ കഴിയുമോ? ഒരിക്കലും അങ്ങനെ പറയാൻ കഴിയില്ല. അമ്മയുടെ ജോലി ഒരിക്കലും അവസാനിക്കില്ല. മക്കൾ വളർന്നു കഴിഞ്ഞാൽ അവൾ പേരക്കുട്ടികളെ പരിപാലിക്കുമെന്നും അവർ പറയുന്നു.

“നമ്മൾ നൽകുന്നതെല്ലാം നമ്മിലേക്ക് തിരികെ വരുന്നു, ചിലപ്പോൾ ഒന്നിലധികം വഴികളിൽ. ഞാൻ എന്റെ ജീവിതം ഇവിടെ ബലിയർപ്പിച്ചുവെന്ന് ആളുകൾ പറയുന്നു. പക്ഷേ അത് ശരിയല്ല. ഞാൻ നൽകുന്നതിനേക്കാൾ വളരെ കൂടുതലാണ് എനിക്ക് ലഭിക്കുന്നത്. പ്രത്യേകിച്ച് എന്റെ കുട്ടികളുടെ സ്നേഹത്തിന്റെ രൂപത്തിൽ" ഡോക്ടർ ഹെലീന കൂട്ടിച്ചേർത്തു.

കുഷ്ഠരോഗം രോഗം ബാധിച്ച നമ്മുടെ സഹോദരങ്ങളെ ഒരിക്കലും മറക്കരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.