കുഷ്ഠരോഗം രോഗം ബാധിച്ച നമ്മുടെ സഹോദരങ്ങളെ ഒരിക്കലും മറക്കരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

കുഷ്ഠരോഗം രോഗം ബാധിച്ച നമ്മുടെ സഹോദരങ്ങളെ ഒരിക്കലും മറക്കരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: കുഷ്ഠരോഗം ഉൾപ്പെടെ മറ്റ് അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങൾ (എൻടിഡി) ബാധിച്ചവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തരുതെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇത്തരം രോഗങ്ങളുമായി ബന്ധപ്പെടുത്തി റോമിൽ നടക്കുന്ന കോൺഫറൻസിൽ സന്ദേശം നൽകവെയാണ് പാപ്പ ഈ അഭ്യർത്ഥന മുന്നോട്ടുവച്ചത്.

നമ്മുടെ ഈ സഹോദരീസഹോദരന്മാരെ നാം മറക്കരുത്, അവർക്ക് കുഷ്ഠരോഗം ബാധിച്ചിരിക്കുന്നു. മറ്റുള്ളവരുടെ മുറിവുകൾ സ്പർശിക്കാനും ശുശ്രൂഷിക്കാനും നാം എളിമപ്പെടാൻ തയ്യാറാണോയെന്ന് നമ്മൾ സ്വയം ചോദിക്കണമെന്ന് മാർപ്പാപ്പ പറയുന്നു.

കുഷ്ഠരോഗവും മറ്റ് അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങളും (എൻടിഡി) ബാധിച്ചവരെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജനുവരി 23,24 തീയതികളിലായി റോമിൽ നടന്ന അന്താരാഷ്ട്ര ദ്വിദിന സമ്മേളനത്തിന്റെ പ്രമേയം “ആരെയും തള്ളിക്കളയരുത്” എന്നതായിരുന്നു.

സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുമായി സഹകരിച്ച് സമ്മേളനം സ്പോൺസർ ചെയ്തത് ഫ്രഞ്ച് റൗൾ ഫൊല്ലെറോ ഫൗണ്ടേഷൻ, ഇറ്റലിയിലെ അമിസി ഡി റൗൾ ഫോളേറോ (റൗൾ ഫൊല്ലെറോയുടെ സുഹൃത്തുക്കൾ), സസകാവ ലെപ്രസി (ഹാൻസെൻസ് ഡിസീസ്) സംരംഭം എന്നിവ സംയുക്തമായാണ്.

ലോകം "കുഷ്ഠരോഗ വിമുക്തമാക്കുക" എന്ന ലക്ഷ്യം കൈവരിക്കുന്നതിലും കുഷ്ഠരോഗവും മറ്റ് എൻടിഡികളും കാരണം ആരും സമൂഹത്തിൽ പിന്നോക്കം പോകാത്ത സ്ഥിതിവിശേഷം സ്ഥാപിക്കുന്നതിലും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മറ്റുള്ളവരെ സഹായിക്കാൻ എളിമപ്പെടാമോ?

കുഷ്ഠരോഗം ബാധിച്ച നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ മനുഷ്യവകാശ ലംഘനങ്ങൾക്ക് ഇരകളാകുന്നത് തുടരുകയാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. നിരവധിപേരെ ബാധിക്കുന്ന ഈ രോഗത്തെ നാം അവഗണിക്കരുതെന്നും പ്രത്യേകിച്ച് ദരിദ്രമായ സാമൂഹ്യ സന്ദർഭങ്ങളിൽ നിന്നുള്ള രോഗികളെ അവഗണിക്കുന്നത് തടയണമെന്നും പാപ്പ ആവശ്യപ്പെട്ടു.

“മനുഷ്യകുടുംബത്തിൽ സാഹോദര്യത്തിലേക്കുള്ള വിളി” എന്ന തന്റെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കി ഫ്രാൻസിസ് മാർപാപ്പ എല്ലാവരോടും ചോദിക്കുന്നു “മറ്റുള്ളവരുടെ മുറിവിനെ ശുശ്രൂഷിക്കാൻ നാം എളിമപ്പെടുമോ? പരസ്പരം ആശ്വാസം പകർന്ന് തോളിൽ വഹിക്കാൻ നമ്മൾക്ക് കഴിയുമോ?"

"ഇതാണ് ഇപ്പോഴത്തെ വെല്ലുവിളി, എന്നാൽ നമ്മൾ ഭയപ്പെടേണ്ടതില്ല" പാപ്പ പറഞ്ഞു.

ദുർബലരെ സുഖപ്പെടുത്താനും, അവർക്ക് നിഷേധിക്കപ്പെട്ട അവരുടെ അവകാശങ്ങളും അന്തസ്സും പുനസ്ഥാപിക്കുന്നതിനായി പരിശ്രമിക്കുന്നവരെ നല്ല സമരിയക്കാരനോട് താരതമ്യപ്പെടുത്തിക്കൊണ്ട് മാർപ്പാപ്പ സംസാരിച്ചു. ഈ രോഗത്തെ മാത്രമല്ല, ഈ രോഗം ബാധിച്ചവരെയും സമൂഹം മനഃപൂർവം മറക്കുന്നു എന്നതും നമ്മെ എല്ലാവരെയും ആശങ്കപ്പെടുത്തണം. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന രോഗങ്ങളിൽ ഒന്നാണ് ഇത്.

രോഗികളെ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക

നമ്മുടെ വികസന മാതൃകകൾ അവലോകനം ചെയ്യുന്നതിനും അവ ഉണ്ടാക്കുന്ന വിവേചനം തിരുത്താൻ ശ്രമിക്കുന്നതിനും ജനുവരിയിലെ അവസാന ഞായറാഴ്ചയായ ലോക കുഷ്ഠരോഗ ദിനം പ്രാധാന്യത്തോടെ ആഘോഷിക്കാൻ ഫ്രാൻസിസ് പാപ്പ ആളുകളെ പ്രേരിപ്പിച്ചു.

ആരെയും സമൂഹത്തിൽ ഒറ്റപ്പെടുത്താത്ത ഒരു സമ്പൂർണ്ണ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കുന്നതിനുള്ള ഉചിതമായ അവസരമാണിതെന്ന് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

കുഷ്ഠരോഗികൾക്കായി എങ്ങനെ പ്രവർത്തിക്കാമെന്നും അവരുടെ വ്യക്തിത്വത്തെ പൂർണ്ണമായും ഉൾകൊണ്ട് ഓരോ രോഗികളുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ പങ്കുചേരാമെന്നും സമൂഹത്തിൽ എല്ലാവർക്കുമൊപ്പം ജീവിക്കാനുമുള്ള അവരുടെ പോരാട്ടത്തിൽ പ്രധാന കണ്ണികളാകാനും അവരെ അംഗീകരിക്കാനും നാം എങ്ങനെ പ്രവർത്തിക്കണമെന്ന് നമ്മൾ സ്വയം ചോദിക്കണമെന്ന് മാർപ്പാപ്പ പറയുന്നു.

ഈ സമ്മേളനം ലോകമെമ്പാടുമുള്ള ശബ്ദങ്ങൾ ശേഖരിക്കാനും രോഗികളുടെ മാനുഷിക അന്തസ്സിനോടുള്ള ആദരവ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ രോഗം ബാധിച്ചവരോട് സഹതാപം പ്രകടിപ്പിക്കുകയും ആത്മീയ പിന്തുണയും വൈദ്യ പരിചരണവും ഉറപ്പാക്കാനുള്ള സന്നദ്ധ പ്രവർത്തകരുടെ ശ്രമങ്ങളിൽ ഫ്രാൻസിസ് പാപ്പ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ഗ്രാമത്തെ കുഷ്ഠരോഗ വിമുക്തമാക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു ഡോക്ടറുടെ അവിശ്വസനീയമായ ജീവിതകഥ

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.