കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; മരുന്ന് നിര്‍മാണ കമ്പനികളെക്കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷിക്കും

 കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; മരുന്ന് നിര്‍മാണ കമ്പനികളെക്കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷിക്കും

ജനീവ: വിഷമയമായ ചുമ മരുന്ന് കഴിച്ച് മൂന്ന് രാജ്യങ്ങളിലായി മുന്നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണം നേരിടുന്ന മരുന്ന് നിര്‍മാണ കമ്പനികള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അന്വേഷിക്കും. കുട്ടികളുടെ മരണത്തിനു കാരണമായ കഫ് സിറപ്പുകള്‍ നിര്‍മിച്ച ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ആറോളം മരുന്നു കമ്പനികള്‍ക്കെതിരേയാണ് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തുന്നത്. സിറപ്പുകളുടെ നിര്‍മ്മാണത്തില്‍ പിഴവുണ്ടായോ എന്ന് അന്വേഷണത്തില്‍ കണ്ടെത്താനാകുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്.

ഗാംബിയ, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ സിറപ്പ് കഴിച്ച അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഇന്ത്യയിലും ഇന്തോനേഷ്യയിലുമായി ആറ് കമ്പനികള്‍ നിര്‍മ്മിച്ച കഫ് സിറപ്പില്‍ വിഷമയമായ അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പെട്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ഉയര്‍ന്ന അളവില്‍ ഡൈ എത്തിലിന്‍ ഗ്‌ളൈക്കോള്‍, എത്തിലിന്‍ ഗ്‌ളൈക്കോള്‍ എന്നിവ വരാനിടയായത് ഈ കമ്പനികള്‍ക്ക് ഒരേ സപ്‌ളയര്‍ തന്നെ അസംസ്‌കൃത വസ്തുക്കള്‍ നല്‍കിയതിനെ തുടര്‍ന്നാണോ എന്നും അന്വേഷിക്കും.

ആരോഗ്യത്തിന് അപകടകാരികളായ ഡൈ എത്തിലിന്‍ ഗ്‌ളൈക്കോള്‍, എത്തിലിന്‍ ഗ്‌ളൈക്കോള്‍ എന്നിവ അമിതമായ അളവില്‍ ഈ നാലു മരുന്നുകളിലും അടങ്ങിയിരിക്കുന്നതായി രാസ പരിശോധനയില്‍ വ്യക്തമായെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. വൃക്ക പരാജയം ഉള്‍പ്പെടെയുള്ള അനന്തരഫലങ്ങളാണ് ഈ ഘടകങ്ങള്‍ മൂലമുണ്ടാകുന്നത്.

എന്‍ജിനുകളിലെ കൂളിങ് ഏജന്റുകള്‍, ബ്രേക് ഫ്‌ലൂയിഡ്, കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍, ലൂബ്രിക്കന്റുകള്‍ എന്നിവയിലെല്ലാം ഉപയോഗിക്കുന്ന ഈ കെമിക്കലുകള്‍ ചെറിയ അളവില്‍ ശരീരത്തിലെത്തുന്നതു പോലും മരണകാരണമായേക്കാം എന്നും മരുന്നുകളില്‍ ഇവ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.

നിലവാരമില്ലാത്ത മരുന്നുകള്‍ വേരോടെ പിഴുതെറിയുന്നതിനും നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും അടിയന്തര പരിശോധനകള്‍ ആരംഭിക്കാന്‍ സര്‍ക്കാരുകളോടും ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തോടും ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു.

ഗാംബിയ, ഇന്തോനേഷ്യ, ഉസ്‌ബെസ്‌കിസ്താന്‍ എന്നീ രാജ്യങ്ങളിലാണ് ചുമയ്ക്കുള്ള സിറപ്പ് ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്. സെനഗള്‍, കംബോഡിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഈ സിറപ്പ് വില്‍പനയ്ക്കുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇതുകൂടാതെ, ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുന്നതിന് മുമ്പ് ഇതിനെതിരെ 194 അംഗ രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും സംഘടന നിര്‍ദ്ദേശം നല്‍കി.

ഗാംബിയയിലെയും ഉസ്‌ബെക്കിസ്ഥാനിലെയും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ മാരിയോണ്‍ ബയോടെക്ക്, മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇരു കമ്പനികളുടെയും നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടി.

അതേസമയം ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിക്കുന്ന കഫ് സിറപ്പ് ഇന്ത്യന്‍ ലാബുകളില്‍ പരിശോധിച്ചതാണെന്നും അപ്പോള്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.