ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് മരിച്ചത്. ശാന്തന്‍പാറ എസ്റ്റേറ്റില്‍ ഇറങ്ങിയ പത്തോളം കാട്ടാനകളെ തുരത്തുന്നതിനിടെയാണ് ശക്തിവേലിനെ ആന ആക്രമിച്ചത്.
ആനകളെ തുരത്താന്‍ രാവിലെ ആറര മണിയോടെയാണ് ശക്തിവേല്‍ എസ്റ്റേറ്റിലേക്ക് കയറിയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതെ വന്നതോടെ, നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തേയില തോട്ടത്തില്‍ നിന്ന് ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തിയത്. ചക്കക്കൊമ്പന്‍ എന്ന കാട്ടാനയാണ് ശക്തിവേലിനെ ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ശക്തിവേലിന്റെ മൃതദേഹം കൊണ്ടുപോകാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആനകളുടെ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം.
ആനയെ കാടുകയറ്റുന്നതില്‍ പ്രസിദ്ധനാണ് മരിച്ച ശക്തിവേല്‍. ആനകളെ തിരികെ കാട്ടിലേക്ക് ഓടിച്ചു വിടുന്ന ശക്തിവേലിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26