സ്വര്‍ണ വിലയില്‍ റെക്കോഡ് വര്‍ധന; പവന് മൂന്നാഴ്ച കൊണ്ട് കൂടിയത് 1,800 രൂപ

സ്വര്‍ണ വിലയില്‍ റെക്കോഡ് വര്‍ധന; പവന് മൂന്നാഴ്ച കൊണ്ട് കൂടിയത് 1,800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ റെക്കോഡ് വര്‍ധന. ചൊവ്വാഴ്ച പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപ കടന്നു. 2020 ലെ റെക്കോഡ് ഭേദിച്ചാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 280 രൂപ ഉയർന്ന് 42,160 രൂപയിലും ഗ്രാമിന് 35 രൂപ കൂടി 5,270 രൂപയിലുമെത്തി. തിങ്കളാഴ്ച പവന് 41,880 രൂപയും ഗ്രാമിന് 5,235 രൂപയുമായിരുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജനുവരി രണ്ടിലെ 40,360 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പവന്‍ വിലയില്‍ മൂന്നാഴ്ച കൊണ്ട് 1,800 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

വാങ്ങുന്നവര്‍ക്ക് പകരം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 19,000 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1973-ല്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 220 രൂപയും ഗ്രാമിന് 27.50 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,937.60 ഡോളറിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. അതേസമയം, അന്താരാഷ്ട്ര വില 1,960 - 1,970 ഡോളർ വരെ എത്തുമെന്നും അതിനിടെ വിലയിൽ ചെറിയ തിരുത്തലുകൾ പ്രകടമാകുമെന്നുമാണ് വിലയിരുത്തൽ.

ഇതിന് മുൻപ് 2020 ഓഗസ്റ്റ് ഏഴിനാണ് സ്വർണ വില 42,000 രൂപയിലെത്തിയത്. അന്ന് യുഎസ്-ചൈന തർക്കവും ഇന്ത്യ-ചൈന പ്രശ്‌നങ്ങളും യുഎസ് ഡോളർ ദുർബലമായതുമാണ് വില ഉയരാൻ കാരണമായത്. കോവിഡ് പ്രതിസന്ധിയും വില പുതിയ ഉയരം കുറിക്കാൻ സഹായിച്ചിരുന്നു. പിന്നീട് കോവിഡ് മൂലം ഡിമാൻഡ് കുറഞ്ഞതോടെ സ്വർണ വിലയിൽ വലിയ ഇടിവ് പ്രകടമായി. ഒറ്റ ദിവസം കൊണ്ട് 1,600 രൂപയുടെ വരെ ഇടിവ് സംഭവിച്ചിരുന്നു. കോവിഡിന് വാക്‌സിൻ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്.

പിന്നീട് രണ്ടര വർഷത്തിനു ശേഷമാണ് പവൻ വില പുതിയ റെക്കോഡിട്ടത്. ചൈനയിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് ഇപ്പോൾ വില ഉയരാനുള്ള പ്രധാന കാരണം. ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക, പണപ്പെരുപ്പം, പലിശ നിരക്ക് വർധന എന്നിവയും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

പവന് 42,160 രൂപയാണെങ്കിലും ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലി ഉൾപ്പടെ 45,500 രൂപയ്ക്കു മുകളിൽ നൽകണം. ഇതിനൊപ്പം മൂന്നു ശതമാനം ജിഎസ്ടിയും (1,328.04 രൂപ) കൂടിയാകുമ്പോൾ 45,596.04 രൂപ നൽകണം. ഉയർന്ന പണിക്കൂലി കൂടുതലുള്ള ആഭരണങ്ങൾക്ക് വില വീണ്ടും ഉയരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.