'പ്രീതി നഷ്ടപ്പെട്ട' ബാലഗോപാൽ എത്തിയില്ല; ഗവർണറുടെ അത്താഴ വിരുന്നിൽ മുഖ്യമന്ത്രിയും സ്പീക്കറും പങ്കെടുത്തു

'പ്രീതി നഷ്ടപ്പെട്ട' ബാലഗോപാൽ എത്തിയില്ല; ഗവർണറുടെ അത്താഴ വിരുന്നിൽ മുഖ്യമന്ത്രിയും സ്പീക്കറും പങ്കെടുത്തു

തിരുവനന്തപുരം: രാജ്ഭവൻ ഒരുക്കിയ റിപ്പബ്ലിക്ദിന വിരുന്നിൽ പങ്കെടുക്കാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നേരത്തെ ഗവർണർ പ്രീതി പിൻവലിച്ച മന്ത്രിയാണ് ബാലഗോപാൽ. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എ.എൻ. ഷംസീർ, ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ എന്നിവർ രാജ്ഭവനിലെത്തി വിരുന്നിൽ പങ്കെടുത്തു.

ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കായി വിവിധ ജില്ലകളിലായിരുന്ന മറ്റ് മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ധനമന്ത്രിയെ പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കത്തെഴുതിയത്. നിയമന അധികാരി എന്ന നിലയിൽ പ്രീതി നഷ്ടപ്പെട്ടതിനാൽ മന്ത്രിയെ പിൻവലിക്കണമെന്നായിരുന്നു ആവശ്യം. ഗവര്‍ണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.

കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ മന്ത്രി നടത്തിയ പ്രസംഗമാണ്  ഗവര്‍ണറെ പ്രകോപിപ്പിച്ചത്.  മന്ത്രി കെ.എൻ. ബാലഗോപാൽ ബോധപൂര്‍വ്വം സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ദുർബലപ്പെടുത്തിയെന്നുമാണ് ഗവര്‍ണർ വിലയിരുത്തിയത്. തുടർന്നാണ് മന്ത്രി ബാലഗോപാലിനോട് പ്രിതി നഷ്ടമായെന്ന് ഗവര്‍ണർ സർക്കാരിന് നൽകിയ കത്തിൽ നിലപാടറിയിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.