റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു

വാഷിങ്ടണ്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയും സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാര്‍ഥിനിയുമായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാത്രിയില്‍ വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ് ജാന്‍വി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്.

സിയാറ്റില്‍ ഡെക്സ്റ്റര്‍ അവന്യൂ നോര്‍ത്തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പ്രദേശത്ത് തീപിടുത്തമുണ്ടായ വിവരമറിഞ്ഞ് പോവുകയായിരുന്നു പൊലീസ് വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന ഉടനെ തന്നെ പ്രാഥമിക വൈദ്യസഹായം നല്‍കി ജാന്‍വിയെ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.