യുഎഇയില്‍ വാരാന്ത്യത്തിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

യുഎഇയില്‍ വാരാന്ത്യത്തിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായ്: യുഎഇയില്‍ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ മഴ പെയ്യുകയാണ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എല്ലാ എമിറേറ്റിലും സാമാന്യം പരക്കെ മഴ ലഭിച്ചു. അബുദബി, ഷാർജ, ദുബായ് ഹത്ത, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വെളളിയാഴ്ചയും മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

താപനിലയിലും കുറവുണ്ടാകും. ശനിയാഴ്ചയും മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. മഴ പശ്ചാത്തലത്തില്‍ വിവിധ സ്കൂളുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. ഷാർജ, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ വിവിധ സ്കൂളുകളാണ് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയത്.

ദുബായില്‍ ചില റോഡുകള്‍ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചിരുന്നു. ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റും അല്‍ അസയേല്‍ സ്ട്രീറ്റും ബന്ധിപ്പിക്കുന്ന ഇരുവശത്തേക്കുമുള്ള റൂട്ട് അടച്ചിട്ടു. ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നിവ ബദല്‍ റോഡ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെന്ന് അധിക‍ൃതർ അറിയിച്ചിരുന്നു. വാഹന ഗതാഗത നിയന്ത്രണം സംബന്ധിച്ച് ദുബായ് പൊലീസ് ആപ്പിലും മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ ഗ്ലോബല്‍ വില്ലേജ് ബുധനാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. സന്ദര്‍ശകരുടെ സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും എല്ലാവരും സഹകരിക്കണമെന്നും ഗ്ലോബല്‍ വില്ലേജ് പ്രസ്താവനയില്‍ അറിയിച്ചു.ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ ഭക്ഷണത്തിന്‍റെ ഡെലിവറിയും മഴ പശ്ചാത്തലത്തില്‍ ചില കമ്പനികള്‍ നിർത്തിവച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിർത്തിയാണ് തീരുമാനമെന്ന് വിവിധ കമ്പനികള്‍ വ്യക്തമാക്കി. മഴ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.