ജറുസലേം: ജറുസലേമിലെ ജൂത ദേവാലയത്തിന് നേരെ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേൽ വിദേശകാര്യം മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണം ആണെന്നാണ് ഇസ്രായേൽ പൊലീസ് പറയുന്നത്.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിക്ക് പിന്നാലെയാണ് ആക്രമണം. വെള്ളിയാഴ്ച രാത്രി 8.15 ഓടെ നെവ് യാക്കോവ് സ്ട്രീറ്റിലെ സിനഗോഗിന് സമീപമാണ് ആക്രമണം ഉണ്ടായത്. പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു.
നാല് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം വെടിയേറ്റവരിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഇസ്രായേൽ എമർജൻസി റെസ്ക്യൂ സർവീസായ എംഡിഎ അറിയിച്ചു. രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.
അക്രമിയെ വധിച്ചതായി ഇസ്രയേല്‍ പൊലീസ് സ്ഥിരീകരിച്ചു. കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 21 കാരനാണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് നിഗമനം. 1967 ൽ ഇസ്രായേൽ പിടിച്ചടക്കിയ നഗരത്തിലെ പലസ്തീനികൾ കൂടുതലുള്ള പ്രദേശമാണ് കിഴക്കൻ ജറുസലേം.
വെസ്റ്റ് ബാങ്കിലെ സൈനിക നടപടി ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നെന്ന് ഇസ്രായേലി സൈന്യം വശദീകരിച്ചു. കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് തീവ്രവാദികൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന് നേരെ വെടിയുതിർത്തു. ഇതിനെ പ്രതിരോധിക്കാനാണ് സൈനിക നടപടി സ്വീകരിച്ചത്.
ഇസ്രായേലിൽ വമ്പൻ സ്ഫോടനം നടത്താനായിരുന്നു തീവ്രവാദികളുടെ പദ്ധതി. കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.