തിരുവനന്തപുരം നഗരസഭയില്‍ 5.6 കോടിയുടെ സബ്‌സിഡി വെട്ടിപ്പ്: ഞെട്ടിക്കുന്ന കണ്ടെത്തല്‍ സി.എ.ജിയുടേത്; റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം നഗരസഭയില്‍ 5.6 കോടിയുടെ സബ്‌സിഡി വെട്ടിപ്പ്: ഞെട്ടിക്കുന്ന കണ്ടെത്തല്‍ സി.എ.ജിയുടേത്; റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: തൊഴിലില്ലാത്ത സ്ത്രീകൾക്ക് ജീവനോപാധി നൽകാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ സബ്സിഡി പദ്ധതിയിൽ 5.6 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി സി.എ.ജി റിപ്പോര്‍ട്ട്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സ‌ർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം ഉള്ളത്. ഇത് സംബന്ധിച്ച് യുക്തമായ ഏജൻസി അന്വേഷിക്കണമെന്ന ശുപാർശയും നൽകി.

പൊതു, പട്ടികജാതി വിഭാഗങ്ങളിലെ സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ മൂന്ന് ലക്ഷം രൂപ സബ്സിഡി നൽകുന്നതാണ് പദ്ധതി. 2020-2022 കാലയളവിൽ വ്യാജ അക്കൗണ്ടുകളും വ്യാജ ഇൻവോയിസുകളും ചമച്ച് 5.6 കോടി രൂപ ചുമതലക്കാരനായ ഇൻഡസ്ട്രിയൽ എക്സ്റ്റെൻഷൻ ഓഫീസറും സംഘവും ചേർന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തൽ. 

സർവീസ് സഹകരണ സംഘങ്ങൾക്ക് ബിസിനസ് സംരംഭങ്ങൾക്ക് വായ്പ അനുവദിക്കാൻ അധികാരമില്ലെന്നിരിക്കെ സർവീസ് സഹകരണ ബാങ്കുകളിൽ വ്യാജ സേവിംഗ്സ് അക്കൗണ്ടുകൾ തുറന്ന് തട്ടിപ്പ് നടത്തിയെന്നാണ് സി.എ.ജി റിപ്പോർട്ട്‌. 

രണ്ട് വർഷങ്ങളിൽ സബ്സിഡി നൽകിയത് 215 ഗ്രൂപ്പുകൾക്കാണ്. ഇതിൽ പത്തെണ്ണമാണ് ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് വായ്‌പ എടുത്തത്. ബാക്കി 205 ഗ്രൂപ്പുകളുടെയും പേരിൽ സർവീസ് സഹകരണ ബാങ്കുകളിൽ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കുകയായിരുന്നു. 

ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ച സബ്സിഡി തുകകൾ സിന്ധു എന്ന പ്രൊപ്രൈറ്ററുടെ പേരിലുള്ള തയ്യൽ മെഷീൻ വിതരണ സ്ഥാപനമായ അശ്വതി സപ്ലയേഴ്സിന്റെ മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിയെടുത്തത്. 2020 - 21ൽ 4.35 കോടിയും 2021-22ൽ 99 ലക്ഷവും അശ്വതി സപ്ലയേഴ്സിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റി.

2020-21ൽ 33 പട്ടികജാതി ഗ്രൂപ്പുകൾക്കും 119 ജനറൽ ഗ്രൂപ്പുകൾക്കും 2021-22ൽ 25 പട്ടികജാതി ഗ്രൂപ്പുകൾക്കും 38 ജനറൽ ഗ്രൂപ്പുകൾക്കും സബ്സിഡി അനുവദിച്ചെന്നാണ് രേഖ. എന്നാൽ 2021-22ലെ അംഗീകൃത ലിസ്റ്റിൽ ഒരു പട്ടികജാതി ഗ്രൂപ്പ് പോലും ഇല്ലായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്.

അപേക്ഷിച്ച ആർക്കും മൂന്ന് ലക്ഷം രൂപ സബ്സിഡി ലഭിച്ചിട്ടില്ല. ചിലർക്ക് 12,000 രൂപ മുതൽ 18,000 രൂപ വരെ കിട്ടി. ബാക്കി തുക അശ്വതി സപ്ലയേഴ്സിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റിയെടുത്തു. വ്യാജ രേഖകൾ നിർമിച്ചാണ് കേരള ബാങ്കിന്റെ സഹകരണ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.