മുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരനെ കേള്‍ക്കാതെ; ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരനെ കേള്‍ക്കാതെ; ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി

കൊച്ചി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ജാതിപ്പേര് വിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസില്‍ പരാതിക്കാരുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും വാദത്തിനായി മാറ്റി.

റാന്നി മക്കപ്പുഴ സ്വദേശികളായ ബൈജു സെബാസ്റ്റ്യന്‍, ജിജോ വര്‍ഗീസ് എന്നിവര്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ 2022 ഏപ്രില്‍ 29 ന് മുന്‍കൂര്‍ജാമ്യം അനുവദിച്ച ഉത്തരവാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്‍ തിരിച്ചു വിളിച്ചത്. പരാതിക്കാരുടെ ഹര്‍ജികളിലാണ് നടപടി.

2021 ഒക്ടോബര്‍ 21 ന് പ്രതികള്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട വഴക്കിനിടെ പത്തനംതിട്ട പ്‌ളാച്ചേരി സ്വദേശി ടി. ബാബു ഉള്‍പ്പെടെയുള്ളവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പട്ടികജാത-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി റാന്നി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി.

എന്നാല്‍ ബാബുവടക്കമുള്ള പരാതിക്കാരെ കക്ഷി ചേര്‍ത്തിരുന്നില്ല. പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരം ഇത്തരം ഹര്‍ജികളില്‍ പരാതിക്കാര്‍ക്ക് നോട്ടീസ് നല്‍കി വാദം കേള്‍ക്കണമെന്നുണ്ട്. തുടര്‍ന്ന് പരാതിക്കാര്‍ക്ക് നോട്ടീസ് നല്‍കാന്‍ റാന്നി പൊലീസിന് നിര്‍ദേശം നല്‍കി ഹര്‍ജി മാറ്റി. തുടര്‍ന്ന് ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ ഹര്‍ജി 2022 മെയ് 20 ന് പരിഗണിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പരാതിക്കാര്‍ക്ക് നോട്ടീസ് ലഭിച്ചില്ലെന്നത് ശ്രദ്ധിക്കാതെ 2022 ഏപ്രില്‍ 29 ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹര്‍ജി തീര്‍പ്പാക്കി.

തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയും വാദം കേള്‍ക്കാതെയും നല്‍കിയ ഉത്തരവ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബാബു ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജികളിലാണ് ഉത്തരവ് തിരിച്ചു വിളിച്ചത്. ഉത്തരവ് തിരിച്ചു വിളിക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന മുന്‍ വിധിന്യായങ്ങള്‍ വിലയിരുത്തിയാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.