വത്തിക്കാൻ സിറ്റി: ഫൗണ്ടേഷനുകളുടെയും ജീവകാരുണ്യ സ്ഥാപനങ്ങളുടെയും ഇറ്റാലിയൻ അസോസിയേഷനായ ഇറ്റാലിയൻ അസിഫെറോയിലെ അംഗങ്ങളുമായി ഫ്രാൻസിസ് മാർപ്പാപ്പ കൂടിക്കാഴ്ച നടത്തി. ഓരോ വ്യക്തിയുടെയും അവിഭാജ്യമായ നന്മയുടെ ഉന്നമനം, പ്രാദേശിക സമൂഹങ്ങൾ പറയുന്നത് കേൾക്കുക, ഏറ്റവും നിസാരരോടുകൂടി ആയിരിക്കുക എന്നീ അടിസ്ഥാന മൂല്യങ്ങൾ വികസിപ്പിക്കാൻ അംഗങ്ങളോട് പാപ്പ ആവശ്യപ്പെട്ടു.
ഇറ്റാലിയൻ അസ്സിഫെറോയുടെ 20 ആം വാർഷികത്തിനോട് അനുബന്ധിച്ചയിരുന്നു മാർപ്പാപ്പ വത്തിക്കാനിൽ വച്ച് അതിലെ അംഗങ്ങളെ അഭിവാദ്യം ചെയ്തു സംസാരിച്ചത്. വർഷങ്ങളായി അവർ കൈവരിച്ച പ്രവർത്തനങ്ങൾക്കും "അവരുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയ വ്യക്തമായ ക്രിസ്തീയ-പ്രചോദിതമായ സമീപനത്തിനും" ഓരോ അംഗങ്ങളെയും ഫ്രാൻസിസ് പാപ്പ അഭിനന്ദിച്ചു.
"ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരവും പിന്തുണ നൽകുന്നതുമായ, സാമൂഹിക-സാമ്പത്തിക മാതൃകകൾ വികസിപ്പിക്കുന്നതിനും" വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇറ്റലിയിലും വിദേശത്തുമുള്ള നിരവധി സ്വകാര്യ ഫൗണ്ടേഷനുകളെ അസോസിയേഷൻ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പ അഭിപ്രായപ്പെട്ടു.
വൈവിധ്യത്തിന്റെ സൗന്ദര്യം
അസോസിയേഷനിലെ അംഗങ്ങൾ എല്ലാവരും വ്യത്യസ്ത ഉത്ഭവങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും വരുന്നതിനാൽ ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് വൈവിധ്യമാണെന്ന് മാർപ്പാപ്പ വിശദീകരിച്ചു. കൂടാതെ വിവിധ തരത്തിലുള്ള പ്രവർത്തന മേഖലകൾ, കഴിവുകൾ, പ്രവർത്തന രീതികൾ എന്നിവയുടെ പൈതൃകം കൊണ്ടുവരുന്നുവെന്നും പാപ്പ ചൂണ്ടികാണിച്ചു.
ഇക്കാരണത്താൽ അസോസിയേഷന്റെ പരിപാടികളിൽ മൂന്ന് പ്രധാന മൂല്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ താൻ ശുപാർശചെയ്യുന്നുവെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.
ആദ്യത്തെ മൂല്യം 'വ്യക്തിയുടെ സമഗ്രമായ നന്മയുടെ പ്രോത്സാഹനം' ആണ്. രണ്ടാമത്തേത് 'പ്രാദേശിക സമൂഹങ്ങൾ പറയുന്നത് കേൾക്കുന്നതാണ്'. മൂന്നാമത്തേത് 'ഏറ്റവും നിസാരരോട് അടുപ്പം കാണിക്കുക' എന്നതാണ്. അതേസമയം 'ദൈവത്തിന്റെ മൂല്യങ്ങളിലൊന്ന് സാമീപ്യമാണെന്ന് ഒരിക്കലും മറക്കരുത്' എന്നും പാപ്പ ഓർമിപ്പിച്ചു.
വ്യക്തിയുടെ അവിഭാജ്യമായ നന്മയുടെ ഉന്നമനം
വ്യക്തിയുടെ സമഗ്ര നന്മയെ പ്രോത്സാഹിപ്പിക്കുക എന്നത്കൊണ്ട് അർത്ഥമാക്കുന്നത് "ആളുകളെ വിമോചിപ്പിക്കുകയും അവരുടെ വളർച്ചയിലും അവരുടെ കഴിവുകളുടെ വികാസത്തിലും ഒപ്പം വ്യക്തിപരവും സമൂഹപരവുമായി അവരെ നായകന്മാരാക്കുകയും ചെയ്യുന്നതിന് ആവശ്യമായ ഭൗതിക സഹായമാണ് " എന്ന് ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു.
പ്രാദേശിക സമൂഹങ്ങളെ ശ്രവിക്കുക
പ്രാദേശിക യാഥാർത്ഥ്യങ്ങളിൽ ഇടപെടാതെ പ്രാദേശിക സമൂഹങ്ങളെ ശ്രദ്ധിക്കാൻ കഴിയില്ലെന്ന് രണ്ടാമത്തെ മൂല്യത്തെക്കുറിച്ച് സംസാരിക്കവെ പാപ്പ വിശദീകരിച്ചു. " അതിനാൽ നിങ്ങളുടെ ഇടപെടൽ ഇടയ്ക്കിടെയുള്ള സഹായമായി ചുരുങ്ങരുത്. പകരം ദൈവം നിങ്ങളെ ചൂണ്ടിക്കാണിക്കുന്ന ആളുകൾ താമസിക്കുന്നയിടങ്ങളിൽ, അവരുടെ സാഹചര്യങ്ങളെ മനസിലാക്കി ഭാവിയിലേക്കുള്ള വിത്ത് വിതയ്ക്കുക എന്നത് വളരെ പ്രധാന്യമർഹിക്കുന്നതാണ്" മാർപ്പാപ്പ പറഞ്ഞു.
ഏറ്റവും നിസാരരോട് അടുപ്പം കാണിക്കുക
മൂന്നാമത്തേതും അവസാനത്തെതുമായ മൂല്യം "ഏറ്റവും നിസാരരോട് അടുപ്പം കാണിക്കുക" എന്നതാണ്. 'ഒരു ചങ്ങലയുടെ ശക്തി അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയിലാണ്' എന്ന പഴഞ്ചൊല്ല് ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു. അതിനാൽ 'ഏറ്റവും നിസാരരെന്ന്' സമൂഹം വിധിയെഴുതിയവരുമായി അടുത്തിടപഴകുക.
അവരുടെ മുറിവുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങൾ ഏറ്റെടുക്കുക. അതിലൂടെ മെച്ചപ്പെട്ട ലോകത്തിനും സമാധാനത്തിന്റെ ഭാവിക്കുമായി ഐക്യവും ദൃഢവുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നല്ല അടിത്തറയിടുകയാണ് നാം ചെയ്യുന്നതെന്ന് പാപ്പ വിശദീകരിച്ചു.
പിന്നീട് ഫ്രാൻസിസ് മാർപ്പാപ്പ അവിടെ സന്നിഹിതരായിരുന്ന അംഗങ്ങൾക്ക് നന്ദി പറഞ്ഞു. തുടർന്ന് "ഉത്സാഹത്തോടും വിവേകത്തോടും കൂടി" മുന്നോട്ട് പോകാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചു.
കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.