വള്ളിപുള്ളി തെറ്റാതെ 'തെറ്റുകള്‍' എല്ലാം അതേപടി: ചിന്ത പ്രബന്ധം കോപ്പിയടിച്ച ഇംഗ്ലീഷ് പോര്‍ട്ടല്‍ കണ്ടെത്തി; പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍

വള്ളിപുള്ളി തെറ്റാതെ 'തെറ്റുകള്‍' എല്ലാം അതേപടി: ചിന്ത പ്രബന്ധം കോപ്പിയടിച്ച ഇംഗ്ലീഷ് പോര്‍ട്ടല്‍ കണ്ടെത്തി; പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബന്ധത്തില്‍ പകര്‍ത്തിയെഴുതിയത് 'ബോധി കോമണ്‍സ്' എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശവും ആശയവുമെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി തിങ്കളാഴ്ച കേരള സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കും.

ബോധി കോമണ്‍സില്‍ 2010 ല്‍ ബ്രഹ്മപ്രകാശ് എന്നയാളുടെ പേരില്‍ പ്രസിദ്ധീകരിച്ചതാണ് ലേഖനം. ഇതിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 'വൈലോപ്പിള്ളി' എന്നതിനുപകരം ചിന്ത എഴുതിയതുപോലെ 'വൈലോപ്പള്ളി' എന്ന തെറ്റും ഈ ലേഖനത്തിലുണ്ട്. ചിന്തയുടെ പ്രബന്ധത്തിലുള്ളതു പോലെ പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമയിലെ ജാതി, വര്‍ഗ പ്രശ്നങ്ങളും ലേഖനത്തിലുണ്ട്.

ഈ ഭാഗത്ത് തന്നെയാണ് 'വാഴക്കുല' എന്ന കൃതിയെക്കുറിച്ചുള്ള പരാമര്‍ശവും. ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശങ്ങളും പിഴവുകളും ചിന്തയുടെ പ്രബന്ധത്തിലും ആവര്‍ത്തിക്കപ്പെട്ടു. വൈലോപ്പിള്ളിയുടെ പേരെഴുതിയതിലെ അക്ഷരത്തെറ്റും കോപ്പിയടിക്കപ്പെട്ടു.

'നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയിലെ പ്രത്യയ ശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലായിരുന്നു പ്രബന്ധം. 2021 ലാണ് ചിന്തയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.