വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കുമുള്ള 40-ാമത് അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് പാപ്പ നാളെ യാത്ര തിരിക്കും. ഫെബ്രുവരി അഞ്ചു വരെയാണ് സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടത്താനിരുന്ന സന്ദര്‍ശനം ആരോഗ്യ പ്രശ്നങ്ങളാല്‍ മാര്‍പ്പാപ്പ മാറ്റിവയ്ക്കുകയായിരുന്നു.
സമാധാനത്തിന്റെയും അനുരജ്ഞനത്തിന്റെയും സന്ദേശവുമായുള്ള പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളിലും അധികാരികള്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തിയോ ബ്രൂണി സ്ഥിരീകരിച്ചു. ചക്രക്കസേരയില്‍ ഇരുന്നുകൊണ്ട് പാപ്പ ഇരു രാജ്യങ്ങളിലും വിശ്വാസികളെ ആശീര്‍വദിക്കും.
പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അധികാരികള്‍ ഫെബ്രുവരി ഒന്നിന് തലസ്ഥാനമായ കിന്‍ഷാസയില്‍ പൊതു അവധി പ്രഖ്യാപിച്ചു.
കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ് ജനറല്‍ അസംബ്ലിയുടെ മോഡറേറ്ററുമൊത്താണ് പാപ്പയുടെ സന്ദര്‍ശനം. സുഡാനില്‍ ഭരണാധിപന്മാന്‍, സഭാ നേതാക്കള്‍, അല്‍മായര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്നവരെയും പാപ്പ സന്ദര്‍ശിക്കും. കൂടാതെ എക്യുമെനിക്കന്‍ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും.
ഈ സന്ദര്‍ശനത്തിന് തന്നെ ക്ഷണിക്കുകയും അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്ത അധികാരികള്‍ക്കും പ്രാദേശിക മെത്രാന്മാര്‍ക്കും വത്തിക്കാനില്‍ ഞായറാഴ്ച്ച സന്ദേശത്തിനിടെ പാപ്പാ നന്ദി പറഞ്ഞു.
നീണ്ട സംഘര്‍ഷങ്ങളാല്‍ പരീക്ഷിക്കപ്പെടുന്ന രണ്ടു നാടുകളാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ദക്ഷിണ സുഡാനുമെന്ന് അനുസ്മരിച്ച പാപ്പാ അന്നാട്ടിലെ ജനങ്ങള്‍ സായുധ സംഘര്‍ഷങ്ങളും ചൂഷണവും മൂലം കഷ്ടപ്പെടുകയാണെന്നും പറഞ്ഞു.
2015 ല്‍ മാര്‍പാപ്പ കെനിയ, ഉഗാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കും 2019 മാര്‍ച്ചില്‍ മൊറോക്കോയിലേക്കും പിന്നീട് അതേ വര്‍ഷം മൊസാംബിക്, മഡഗാസ്‌കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു. 20-ാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് മാര്‍പ്പാപ്പ സന്ദര്‍ശിക്കുന്നത്.
ജനസംഖ്യയില്‍ പകുതിയിലേറെ കത്തോലിക്ക വിശ്വാസകളുള്ള ഇരു രാജ്യങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സഭ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. ദാരിദ്ര്യവും സംഘര്‍ഷവും പതിവായ ഈ രാജ്യങ്ങളില്‍ മാര്‍പാപ്പ സന്ദര്‍ശനം ഏറെ ആശ്വാസവും സമാധാനവും പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കോംഗോയില്‍ പര്യടനം നടത്തിയിരുന്നു. സയര്‍ എന്നായിരുന്നു അന്ന് രാജ്യത്തിന്റെ പേര്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.