എൺപത്തിരണ്ടാം മാർപ്പാപ്പ ജോണ്‍ അഞ്ചാമന്‍ (കേപ്പാമാരിലൂടെ ഭാഗം-82)

എൺപത്തിരണ്ടാം മാർപ്പാപ്പ ജോണ്‍ അഞ്ചാമന്‍ (കേപ്പാമാരിലൂടെ ഭാഗം-82)

ജോണ്‍ അഞ്ചാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം അദ്ദേഹത്തിന്‍റെ അനാരോഗ്യം മൂലം വളരെ ചുരുങ്ങിയ കാലത്തേക്കുമാത്രമേ നീണ്ടുനിന്നുള്ളു. ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പയെപ്പോലെ തന്നെ റോമിന്‍റെ അയല്‍ രൂപതകളായ ഓസ്തിയ, പോര്‍ട്ടോ, വെല്ലെത്രി എന്നീ രൂപതകളുടെ മെത്രാന്മാരാലാണ് ഏ. ഡി. 685 ജൂലൈ 23-ാം തീയതി അഭിഷിക്തനായത്. റോമിന്‍റെ അനുവാദമില്ലാതെ സ്വന്ത ഇഷ്ടപ്രകാരം തന്‍റെ പ്രവിശ്യയില്‍ പുതിയ മെത്രാനെ വാഴിച്ച സര്‍ദീനിയായിലെ മെത്രാനെ തല്‍സ്ഥാനത്തുനിന്നും മാർപ്പാപ്പ നീക്കം ചെയ്തു. വൈദികരോട് വലിയ ഔദാര്യമതിയും സന്യാസാശ്രമങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ ഉദാരമതിയുമായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ തന്‍റെ ഓസ്യത്തില്‍ വൈദികരുടെയും സന്യാസാശ്രമങ്ങളുടെയും അത്മായരായ ദേവാലയശുശ്രൂഷികളുടെയും ഉന്നമനത്തിനായി ഉദാരമായി സംഭാവനകള്‍ നല്‍കുന്നതിനെപ്പറ്റി ജോണ്‍ അഞ്ചാമന്‍ മാര്‍പ്പാപ്പ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു.

ജോണ്‍ അഞ്ചാമന്‍ പാപ്പായുടെ ഭരണകാലത്തേക്കാളും അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പിനു മുമ്പുള്ള ജീവിതം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ അന്ത്യോഖ്യയില്‍ നിന്നുള്ള സിറിയന്‍ വംശജനായിരുന്നു പാപ്പ. ജോണ്‍ അഞ്ചാമനടക്കം അടുത്ത പത്തോളം മാര്‍പ്പാപ്പമാര്‍ പൗരസ്ത്യ പാരമ്പര്യത്തില്‍നിന്നും സഭയുടെ അമരത്തേക്ക് വന്നവരായിരുന്നു. തുര്‍ക്കിയില്‍ മുസ്ലീം അധിനിവേശം ശക്തമായപ്പോള്‍ ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികളായി പോയവരില്‍ ഒരാളായിരുന്നു അദ്ദേഹം. വി. പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ ആ നിമിഷം മുതല്‍ മാര്‍പ്പാപ്പയായിരിക്കും എന്ന് ബെനഡിക്ട് രണ്ടാമന്‍ പാപ്പായും കോണ്‍സ്റ്റന്‍റൈന്‍ നാലാമന്‍ ചക്രവര്‍ത്തിയും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം മാര്‍പ്പാപ്പയാകുന്ന ആദ്യത്തെയാളാണ് ജോണ്‍ അഞ്ചാമന്‍ പാപ്പാ.

ഗ്രീക്ക് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോണ്‍. മൂന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസിലേക്ക് അഗാത്തോ മാര്‍പ്പാപ്പ തന്‍റെ പ്രതിനിധികളായി അയച്ച മൂന്നു പേരില്‍ ഒരാളായിരുന്നു ഡീക്കനായിരുന്ന ജോണ്‍. സൂനഹദോസ് നടപടികളിലും ചര്‍ച്ചകളിലും അദ്ദേഹം ശക്തമായ മുഖമായിരുന്നു. റോമിലേക്ക് മടങ്ങിയപ്പോള്‍ അദ്ദേഹം സൂനഹദോസ് നടപടികളുടെയും തീരുമാനങ്ങളുടെയും ഒരു പകര്‍പ്പും ലിയോ രണ്ടാമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പിന് കോണ്‍സ്റ്റന്‍റൈയിന്‍ ചക്രവര്‍ത്തി നല്‍കിയ അംഗികാരവും തന്‍റെ കൂടെ റോമിലേക്ക് കൊണ്ടുപോയി. ആര്‍ച്ച്ഡീക്കനായിരുന്നപ്പോഴാണ് ജോണ്‍ പാപ്പാ മാര്‍പ്പാപ്പയായി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടത്.

ഏ. ഡി. 686 ആഗസ്റ്റ് 2-ാം തീയതി ജോണ്‍ അഞ്ചാമന്‍ പാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്‍റെ ഭൗതീകശരീരം വി. പത്രോസിന്‍റെ ബസിലിക്കയില്‍ അടക്കം ചെയ്തു.

ഇതിനു മുന്പ് ഉള്ള മാർപാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.