വത്തിക്കാന്‍ സിറ്റി: ഇടവകകള്‍ ഉദാരവും തുറന്നതുമായ സമൂഹങ്ങളായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫെബ്രുവരി മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനാ നിയോഗത്തിലൂടെയാണ് ലോകമെമ്പാടുമുള്ള വിശ്വാസികളോടുള്ള മാര്‍പ്പാപ്പയുടെ ആഹ്വാനം.
'പള്ളിയില്‍ നിറയെ ആളുകള്‍ നിറഞ്ഞിരിക്കാനും അങ്ങനെ അതു കൂടുതല്‍ മനോഹരമാകാനും ഓരോ ഇടവകകളുടെയും കവാടത്തില്‍ 'സൗജന്യ പ്രവേശനം' എന്ന് എഴുതിവയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇടവകകള്‍ ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതെ ജനകേന്ദ്രീകൃതമായതും കൂദാശകളുടെ ദാനം പകരാന്‍ കഴിയുന്നതും സമീപസ്ഥവുമായ സമൂഹങ്ങളായിരിക്കണം. വാതിലുകള്‍ എപ്പോഴും എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്ന, ശ്രവിക്കാനും സ്വാഗതം ചെയ്യാനുമുള്ള ഇടങ്ങളായി ഇടവകകള്‍ മാറണം.
പുറന്തള്ളപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി വാതിലുകള്‍ എപ്പോഴും തുറന്നിട്ടുകൊണ്ട് സേവനത്തിന്റെയും ഉദാരതയുടെയും വിദ്യാലയങ്ങളായി അവ വീണ്ടും മാറേണ്ടതുണ്ട്. ഇടവകകള്‍ ഏതാനും ആളുകള്‍ക്കു വേണ്ടി മാത്രമുള്ള ഒരു ക്ലബ്ബല്ല എന്ന് ഓര്‍ക്കണം. അത് ചിലരില്‍ അവകാശ ബോധം സൃഷ്ടിക്കുന്നു. നമ്മുടെ ഇടവക സമൂഹങ്ങളുടെ ശൈലിയെക്കുറിച്ച് നമുക്ക് പുനര്‍വിചിന്തനം ചെയ്യാം - പാപ്പാ സന്ദേശത്തില്‍ പറയുന്നു.
ഇടവകകള്‍ വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും സമൂഹങ്ങളും ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെ സ്വാഗതം ചെയ്യുകയും കരുതുകയും ചെയ്യുന്ന കൂട്ടായ്മയുമായി മാറാന്‍ ഈ മാസം നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
മാർപാപ്പയുടെ ഇതുവരെയുള്ള പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.