ദയാധനം നല്‍കാനായില്ല; യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷ പ്രിയക്ക് തിരിച്ചടി

ദയാധനം നല്‍കാനായില്ല; യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷ പ്രിയക്ക് തിരിച്ചടി

കൊച്ചി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷ പ്രിയക്ക് തിരിച്ചടി. യെമന്‍ പൗരനെ മരുന്ന് കുത്തിവച്ച് കൊന്നെന്ന കേസില്‍ നടപടികള്‍ വേഗത്തിലാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കി.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മെഹ്ദിയുടെ കുടുംബം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്. ദയാധനം നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്താത്തതിനാല്‍ ഇനിയുള്ള നാളുകള്‍ നിര്‍ണായകമാണ്.

കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണം. 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

2017 ജൂലൈ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടര്‍ച്ചയായ പീഡനം സഹിക്കാന്‍ കഴിയാതെ യെമനി പൗരനായ തലാല്‍ അബ്ദുള്‍ മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. തലാലിന് അമിത ഡോസ് മരുന്നു കുത്തി വച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. യെമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശ പ്രകാരമായിരുന്നു മരുന്ന് കുത്തി വച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.