കിൻഷാസ(കോംഗോ): രാജ്യത്തെ വിഷലിപ്തമായ അഴിമതിയെ ചെറുക്കാനുള്ള ശ്രമത്തിൽ ഒരിക്കലും പിന്മാറരുതെന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുവാക്കളോട് ഫ്രാൻസിസ് മാർപ്പാപ്പ. ഡിആർസിയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ മൂന്നാം ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുമായും മതബോധകരുമായും കൂടിക്കാഴ്ച നടത്തവേയായിരുന്നു പാപ്പായുടെ ആഹ്വാനം.
കിൻഷാസയിലെ രക്തസാക്ഷി സ്റ്റേഡിയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കോംഗോ യുവാക്കളുടെ സ്നേഹപ്രകടനങ്ങൾക്ക് മാർപാപ്പ നന്ദി പറഞ്ഞു. മാർപ്പാപ്പയെ കാണാനായി കൂടിച്ചേർന്ന 65,000 കോംഗോ യുവാക്കളോട് രാജ്യത്തെ ദീർഘകാലമായി ബാധിച്ചിരിക്കുന്ന അഴിമതിയുടെ "വിഷലിപ്തമായ പ്രലോഭനത്തെ" ചെറുക്കാനും അവർക്കായി മറ്റൊരു ഭാവി തിരഞ്ഞെടുക്കാനും അഭ്യർത്ഥിച്ചു.
തന്റെ പ്രസംഗത്തിൽ യുവാക്കളോട് അവരുടെ കൈകളിലേക്ക് നോക്കാൻ പറഞ്ഞ ഫ്രാൻസിസ് പാപ്പ ഓരോ വിരലുകളും വ്യത്യസ്തമായ "ഭാവിയിലേക്കുള്ള ചേരുവ" എന്ന നിലയിൽ എങ്ങനെ പ്രതിനിധീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഒന്നാമതായി ഓരോ വ്യക്തിയും അതുല്യവും ആവർത്തിക്കാപ്പെടാനാകാത്തതുമായ ഒരു നിധിയാണ്. അതുപോലെ ആരുടേയും കൈകൾ മറ്റാരുടെയും കൈകൾക്ക് തുല്യമല്ലെന്ന് പാപ്പ വിശദീകരിച്ചു. അതേസമയം, നമ്മുടെ കൈ മുഷ്ടി ചുരുട്ടണോ അതോ ദൈവത്തിനും മറ്റുള്ളവർക്കുമായുള്ള പ്രയത്‌നത്തിനായി തുറക്കണമോ എന്ന് നാം ഓരോരുത്തരും തിരഞ്ഞെടുക്കണമെന്നും പാപ്പ പറഞ്ഞു.
"ആരെങ്കിലും നിങ്ങൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്താൽ അല്ലെങ്കിൽ നിങ്ങൾക്ക് ആനുകൂല്യങ്ങളും ധാരാളം പണവും വാഗ്ദാനം ചെയ്താൽ ആ കെണിയിൽ വീഴരുത്, വഞ്ചിക്കപ്പെടരുത്. നിങ്ങളെ അന്ധകാരത്തിലേക്ക് തള്ളിവിടുന്ന സാമ്പത്തിക പദ്ധതികളെ വിശ്വസിക്കരുത്" ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു.
ജീവനുള്ള പ്രാർത്ഥന
നമ്മുടെ തള്ളവിരൽ നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്താണെന്നും അതിനാൽ അത് നമ്മുടെ ജീവിതത്തിന് പ്രേരകശക്തി നൽകുന്ന പ്രാർത്ഥനയെ പ്രതീകപ്പെടുത്തുന്നുവെന്നും മാർപ്പാപ്പ പറഞ്ഞു. നമ്മുടെ ഭാവിയുടെ അടിസ്ഥാന ഘടകമാണ് പ്രാർത്ഥന. ആന്തരികമായി വളരുന്നതിന് നാം ദൈവവചനം ശ്രദ്ധിക്കുകയും "ജീവനുള്ള പ്രാർത്ഥന" നട്ടുവളർത്തുകയും വേണം.
യേശു തിന്മയുടെ മേൽ വിജയിച്ചിരിക്കുന്നു. അവൻ പുനരുത്ഥാനത്തിലേക്കുള്ള തന്റെ പാലം കടന്നു. അതിനാൽ ദിനംപ്രതി നിങ്ങളുടെ കൈകൾ കർത്താവിലേക്ക് ഉയർത്തുക. അവനെ സ്തുതിക്കുകയും അവന്റെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുക.

നാം യേശുവിനോട് നമ്മുടെ ഉറ്റ ചങ്ങാതിയെന്നപോലെ സംസാരിക്കണം. നമ്മുടെ ഭയം അവനിൽ ഭരമേൽപ്പിക്കണം. "നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആഴമേറിയ രഹസ്യങ്ങൾ" അവനോട് പങ്കുവെയ്ക്കണമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ ജീവനുള്ളതും മൂർത്തവും ഹൃദയംഗമവുമായ പ്രാർത്ഥന ദൈവം ഇഷ്ടപ്പെടുന്നുവെന്ന് പാപ്പ പറഞ്ഞു. "അത് കർത്താവിനെ നമ്മുടെ ജീവിതത്തിലേക്ക് ഇടപെടാൻ അനുവദിക്കുന്നു. നിങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് കർത്താവിന് പ്രവേശിക്കാൻ, പരിശുദ്ധാത്മാവായി അവന്റെ 'സമാധാനത്തിന്റെ ശക്തി'യുമായി കടന്നുവരാൻ നമ്മുടെ പ്രാർത്ഥന സഹായിക്കുമെന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.
ജനസംഖ്യയുടെ 67 ശതമാനവും 24 വയസിന് താഴെയുള്ള ജനങ്ങൾ ജീവിക്കുന്ന ഈ ഒരു രാജ്യത്ത് 86-കാരനായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
നിങ്ങളുടെ വേദന എന്റെ വേദനയാണ്: ക്രൂരപീഡനത്തിന് ഇരയാകുന്ന കോംഗോയിലെ ജനങ്ങളെ ആശ്വസിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26