മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; നാഗ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി

മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; നാഗ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും തട്ടകമായ നാഗ്പൂരില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല എന്നതാണ് തോല്‍വിയുടെ ആക്കം കൂട്ടിയത്.

ആര്‍എസ്എസിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരമാണ് നാഗ്പൂര്‍. പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിനാണ് വിജയം. നിയമസഭയുടെ ഉപരിസഭയിലെ അഞ്ച് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ചയായിരുന്നു. ഇന്നാണ് വോട്ടെണ്ണല്‍ നടന്നത്. അഞ്ച് കൗണ്‍സില്‍ അംഗങ്ങളുടെ ആറ് വര്‍ഷത്തെ കാലാവധി ഫെബ്രുവരി ഏഴിന് അവസാനിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കൊങ്കണ്‍ ഡിവിഷന്‍ ടീച്ചേഴ്‌സ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ദ്യാനേശ്വര്‍ മഹാത്രേ വിജയിച്ചു. എന്നാല്‍ നാഗ്പൂരില്‍ ബി.ജെ.പി പിന്തുണ നല്‍കിയ സ്ഥാനാര്‍ഥിയെ എം.വി.എ സ്ഥാനാര്‍ഥി തോല്‍പ്പിച്ചു. കൊങ്കണ്‍ ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ഥി 9000 വോട്ടുകള്‍ക്കാണ് ജയിച്ചത്.

നാഗ്പൂരില്‍ എം.വി.എ പിന്തുണച്ച സ്ഥാനാര്‍ത്ഥി സുധാകര്‍ അദ്ബലെ ബി.ജെ.പി പിന്തുണച്ച സ്വതന്ത്രനും സിറ്റിങ് എംഎല്‍സിയുമായ നാഗോറാവു ഗനാറിനെ പരാജയപ്പെടുത്തി. ഔറംഗബാദ്, അമരാവതി, നാസിക് ഡിവിഷന്‍ ഗ്രാജ്വേറ്റ് സെഗ്മെന്റുകള്‍ എന്നിവ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഔറംഗബാദ് അധ്യാപക മണ്ഡലത്തില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സ്ഥാനാര്‍ഥി വിക്രം കാലെ ലീഡ് ചെയ്യുകയാണ്. സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബിജെപി-ബാലാസാഹെബാഞ്ചി ശിവസേനയും (മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം) ശിവസേനയും (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. ഏത് വിഭാഗത്തിനാണ് കരുത്ത് എന്ന് തെളിയിക്കാന്‍ ഇരു വിഭാഗത്തിനും വിജയം കൂടിയേ തീരൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.