ബിബിസിയുടെ വിവാദ ഡോക്യുമെന്ററി: കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി: കേന്ദ്ര സര്‍ക്കാരിന്  സുപ്രീം കോടതി നോട്ടീസ്; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം

ന്യൂഡല്‍ഹി:ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'എന്ന ബിബിസ് ഡോക്യുമെന്ററിയുടെ നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിനും ട്വിറ്ററിനും ഗൂഗിളിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവയ്ക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചുള്ള ഉത്തരവിന്റെ ആധികാരിക രേഖ ഹാജരാക്കാനും കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മറുപടി സമര്‍പ്പിക്കാന്‍ മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.വിഷയം കൂടുതല്‍ പരിഗണിക്കാനായി ഏപ്രിലിലേക്ക് മാറ്റിയിട്ടുണ്ട്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവയ്ക്കുന്നത് വിലക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രണ്ട് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സംയുക്തമായി സമര്‍പ്പിച്ചതാണ് ഇതിലൊന്ന്. രണ്ടാമത്തെ ഹര്‍ജി നല്‍കിയത് അഭിഭാഷകന്‍ എം.എല്‍ ശര്‍മ്മയാണ്. ഡോക്യുമെന്ററി തടയാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും എന്നാണ് ഹര്‍ജികളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പരാമര്‍ശിക്കുന്ന യുട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും ബ്ലോക്കു ചെയ്യാന്‍ കഴിഞ്ഞ 21 നാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വിലക്കുകയും ചെയ്തു. വിലക്ക് വകവയ്ക്കാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ഗ്രസും ഇടതു കക്ഷികളും അവരുടെ യുവജന, വിദ്യാര്‍ത്ഥി സംഘടനകളും ശ്രമിച്ചത് പലയിടങ്ങളിലും സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.