കൃഷിമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം: മുഖ്യമന്ത്രി അനുമതി നിഷേധിച്ചതിന് പിന്നില്‍ സി.പി.എം

കൃഷിമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം: മുഖ്യമന്ത്രി അനുമതി നിഷേധിച്ചതിന് പിന്നില്‍ സി.പി.എം

തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നിഷേധിച്ചതിന് പിന്നില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് ആരോപണം. ഇസ്രയേല്‍ സന്ദര്‍ശനം ഇടതു നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.പി.എം നേതൃത്വത്തിന്റെ കടുംപിടുത്തത്തിന് മുന്നില്‍ സി.പി.ഐ വഴങ്ങിയെന്നാണ് ആക്ഷേപം.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ സി.പി.ഐ പങ്കെടുത്തതിലുള്ള സി.പി.എമ്മിന്റെ അതൃപ്തി കൂടി മന്ത്രിക്ക് വിനയായി എന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ഇസ്രയേല്‍ അവലംബിക്കുന്ന ആധുനിക കൃഷിരീതികളെക്കുറിച്ച് പഠിക്കാനാണ് കൃഷിമന്ത്രി പി. പ്രസാദും ഉദ്യോഗസ്ഥരും അവിടേക്ക് പോകാന്‍ തീരുമാനിച്ചത്.

ഇക്കാര്യത്തില്‍ ഏകദേശം ധാരണയായിരുന്നു. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും വിദേശ സന്ദര്‍ശനം നടത്തേണ്ടതുണ്ടോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ വിളിച്ചു വരുത്തി അനുമതി നിഷേധിച്ചത്.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം വേണ്ടെന്നുവെക്കുന്നു എന്നായിരുന്നു ആ്ദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിശദീകരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ എക്സിക്യൂട്ടീവില്‍ വിഷയത്തില്‍ പ്രസാദിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദേശ യാത്ര പോകുമ്പോള്‍ പാര്‍ട്ടിയെ അറിയിക്കേണ്ടതുണ്ട് എന്ന വിധത്തിലായിരുന്നു വിമര്‍ശനം.

വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത വന്നിരിക്കുകയാണ്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ പലസ്തീന്‍ അനുകൂല നിലപാടാണ് കൈക്കൊള്ളാറ്. ഈ നിലപാട് നിലനില്‍ക്കെയാണ്, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവേളയില്‍ ഇടതുസര്‍ക്കാരിലെ ഒരു മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കാനും പഠനത്തിനുമായി പോകാന്‍ ഒരുങ്ങിയത്. അത് വേണ്ടാ എന്നുള്ള നിലപാട് സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉണ്ടാവുകയും ഇക്കാര്യം അവര്‍ സി.പി.എം സംസ്ഥാന നേതൃത്വത്തെയും സര്‍ക്കാരിനെയും അറിയിക്കുകയുമായിരുന്നു എന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.