ഹാന്‍ഡ്ബാഗ് വക്കാൻ സഹായം തേടിയ അര്‍ബുദ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി; വിശദീകരണം തേടി ഡിജിസിഎ

ഹാന്‍ഡ്ബാഗ് വക്കാൻ സഹായം തേടിയ അര്‍ബുദ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി; വിശദീകരണം തേടി ഡിജിസിഎ

ന്യൂഡല്‍ഹി: ബാഗേജ് മുകളിലേക്ക് ഉയര്‍ത്തി വക്കാൻ ജീവനക്കാരുടെ സഹായം തേടിയ അര്‍ബുദ രോഗിയായ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 293 വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. 

ജനുവരി 30 ന് നടന്ന സംഭവം യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് പുറംലോകം അറിഞ്ഞത്. ഇരിപ്പിടത്തിന് മുകളിലുള്ള ക്യാബിനിലേക്ക് കയ്യിലുള്ള ബാഗ് വയ്ക്കാന്‍ അധികൃതര്‍ മീനാക്ഷിയോട് ആവശ്യപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാല്‍ ഒറ്റയ്ക്ക് അതു ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് ഉയര്‍ത്താന്‍ സഹായം വേണമെന്നും മീനാക്ഷി അഭ്യര്‍ഥിച്ചു. പക്ഷേ, സഹായം നിരസിക്കുകയും തുടര്‍ന്ന് വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് ഡല്‍ഹി പൊലീസിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും മീനാക്ഷി സെന്‍ഗുപ്ത നല്‍കിയ പരാതി.

ഗ്രൗണ്ട് സ്റ്റാഫ് സഹായം നല്‍കിയതിനാലാണ് വിമാനത്തില്‍ കയറാന്‍ സാധിച്ചത്. എയര്‍ഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ചിരുന്നു. വിമാനം യാത്ര പുറപ്പെടാന്‍ തയാറെടുക്കുന്നതിന് മുന്‍പ് സമീപത്തെത്തിയ എയര്‍ഹോസ്റ്റസിനോട് ഹാന്‍ഡ് ബാഗ് മുകളിലേക്ക് വയ്ക്കാന്‍ സഹായം ആവശ്യപ്പെട്ടു. എന്നാല്‍ അത് തന്റെ ജോലിയല്ലെന്നായിരുന്നു എയര്‍ഹോസ്റ്റസിന്റെ പ്രതികരണം. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോള്‍ അവരും അവഗണിച്ചതായും അസൗകര്യമുണ്ടെങ്കില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും മീനാക്ഷി പരാതിയില്‍ ആരോപിച്ചു. 

വിഷയം പരിശോധിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍ കുമാര്‍ വ്യക്തമാക്കി. ഡിജിസിഎ അമേരിക്കന്‍ എയര്‍ലൈന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒരു യാത്രക്കാരിയെ ജനുവരി 30ന് വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും അവരുടെ ടിക്കറ്റിന്റെ പണം കൈമാറുന്നതിന് നടപടികള്‍ സ്വീകരിച്ചെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ അവധിക്കു വന്നപ്പോഴാണ് അര്‍ബുദ ബാധിതയാണെന്ന് മീനാക്ഷി സെന്‍ഗുപ്ത തിരിച്ചറിഞ്ഞത്. ഇവിടെവച്ച് തന്നെ ശസ്ത്രക്രിയ നടത്തി. തുടര്‍ ചികിത്സകള്‍ക്കായി യുഎസില്‍ ഡോക്ടറുടെ അപ്പോയ്ന്റ്‌മെന്റ് എടുത്തിരുന്നു. വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മറ്റൊരു വിമാനത്തിളാണ്  അവര്‍ യുഎസിലേക്കു പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.