കൊച്ചി: മരടില്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയില്‍ രണ്ടു കണ്ടെയ്നര്‍ നിറയെ അഴുകിയ മത്സ്യം പിടികൂടി. ആദ്യത്തെ കണ്ടെയ്നറിലേത് പുഴുവരിച്ച നിലയിലും രണ്ടാമത്തേതില്‍ ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നാണ് കണ്ടെയ്നറുകള്‍ എത്തിയതെന്നാണ് സൂചന.
കണ്ടെയ്നറില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മരട് നഗരസഭയിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. മീന്‍ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവര്‍മാരോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകള്‍. അതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെയ്നര്‍ തുറക്കാനും മീന്‍ പുറത്തെടുക്കാനും കഴിഞ്ഞത്.
വാഹനത്തിന്റെ ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല. ഇവര്‍ സമീപത്തു തന്നെ ഉണ്ടെന്നാണ് നിഗമനം. ഇവരുടെ വസ്ത്രങ്ങള്‍ കണ്ടെയ്‌നറിന്റെ മുകളില്‍ അലക്കിവിരിച്ച നിലയിലാണ്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ സ്ഥലത്തു നിന്ന് മാറിനില്‍ക്കുകയാണെന്നാണ് സൂചന.
ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മീന്‍ ഉടന്‍ തന്നെ നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. നടപടികള്‍ സ്വീകരിച്ചു വരുന്നതായി പൊലീസും അറിയിച്ചു.
കഴിഞ്ഞ ആഴ്ച കളമശേരിയില്‍ നിന്ന് കിലോക്കണക്കിന് സുനാമി ഇറച്ചി പിടികൂടിയിരുന്നു. ഇറച്ചി എത്തിച്ച മണ്ണാര്‍ക്കാട് സ്വദേശി നിസാബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലും അന്വേഷണം നടന്നുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.