ന്യൂഡല്‍ഹി: അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. സത്യാവസ്ഥ ജനത്തെ അറിയിക്കാന്‍ രണ്ട് വര്‍ഷമായി വിഷയം ഉന്നയിക്കുന്നു. ലക്ഷക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നതെന്നും അദാനി ഗ്രൂപ്പിന് പിന്നിലെ ശക്തി ആരാണെന്ന് രാജ്യം അറിയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തന്നെ ഒരു മനുഷ്യനാല്‍ അട്ടിമറിക്കപ്പെടുകയാണ്. ഭയം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാത്തത്. അദാനി ജീയെക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ മോഡി ജീ ശ്രമിക്കുന്നുണ്ടെന്നും രാഹുല്‍ പരിഹാസ രൂപേണ പറഞ്ഞു.
അദാനി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക്‌സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചിരുന്നു.
ഗാന്ധി പ്രതിമക്ക് മുന്‍പിലെ പ്രതിഷേധത്തോടെ മൂന്നാം ദിനവും പാര്‍ലമെന്റില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്‌സഭയിലും രാജ്യസഭയിലും ആവശ്യമുയര്‍ന്നു.
ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കിയതോടെ ബഹളം ശക്തമാകുകയായിരുന്നു. തുടര്‍ന്നാണ് ഇരുസഭകളും നിര്‍ത്തിവെച്ചത്. പ്രതിപക്ഷം നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ടെന്നും രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.