ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജി ആയി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ നിയമന ശുപാര്‍ശ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. രാവിലെയാണ് സത്യപ്രതിജ്ഞ.
കൊളീജിയം ശുപാര്‍ശ ചെയ്തത് പുനപരിശോധിക്കണമെന്ന് അഭിഭാഷകര്‍ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രൈസ്തവ വിരുദ്ധ ലേഖനം എഴുതുകയും ചെയ്‌തെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് വിക്ടോറിയ ഗൗരി.
ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കാത്ത ഇത്തരം ആളുകളെ ശുപാര്‍ശ ചെയ്ത നടപടി പിന്‍വലിക്കണമെന്നായിരുന്നു ഹര്‍ജിയുടെ ഉള്ളടക്കം. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി കണക്കിലെടുത്ത കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരായ അന്ന മാത്യുസ്, സുധാ രാംലിംഗം, ഡി. നാഗശില എന്നിവരാണ് ഹര്‍ജിക്കാര്‍.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ലേഖനം എഴുതുകയും ചെയ്ത വ്യക്തിയെ ജഡ്ജിയാക്കുന്നതിലെ സാംഗത്യമാണ് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. യോഗ്യതയില്ലാത്ത വ്യക്തികളെ ന്യായാധിപ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ ക്വോ വാറന്റോ നല്‍കാമെന്ന സാധ്യതയും നിയമവിദഗ്ധര്‍ മുന്നില്‍ കാണുന്നുണ്ട്.
കൂടാതെ കൊളീജിയം ഒരിക്കല്‍ ശുപാര്‍ശ ചെയ്തത് പിന്‍വലിക്കാന്‍ കഴിയുമോ എന്നതടക്കമുള്ള നിയമ പ്രശനങ്ങളില്‍ സുപ്രീംകോടതിക്ക് ഇന്ന് ഉത്തരം കണ്ടെത്തേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.