ഭൂമിയുടെ ഉപരിതലത്തിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ നിരീക്ഷിച്ച് അത്തരം പ്രതിഭാസങ്ങളുടെ കാരണങ്ങളും അനന്തര ഫലങ്ങളും നന്നായി മനസിലാക്കാന്‍ ഗവേഷകരെ സഹായിക്കുക എന്നതാണ് നിസാറിന്റെ മുഖ്യ ദൗത്യം.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷനും (നാസ) ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍) ഉടന്‍ ഇന്ത്യയിലെത്തും.
എസ്യുവി വലുപ്പത്തിലുള്ള ഉപഗ്രഹം ദക്ഷിണ കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിന്ന് ഈ മാസം അവസാനം പ്രത്യേക കാര്‍ഗോ കണ്ടെയ്നര്‍ വിമാനത്തില്‍ ഇന്ത്യയിലേക്ക് അയയ്ക്കും. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ലാണ് നിസാറിന്റെ വിക്ഷേപണം.
എട്ടു വര്‍ഷം മുന്‍പ് ഈ ദൗത്യത്തിനായി ഒത്തുചേര്‍ന്ന നാസയും ഐഎസ്ആര്‍ഒയും നിസാറിനു വേണ്ടി വിഭാവനം ചെയ്ത അപാരമായ ശാസ്ത്ര സാധ്യതകള്‍ നിറവേറ്റുന്നതിലേക്ക് ഇപ്പോള്‍ ഒരു പടി കൂടി അടുത്തിരിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.
2014 ല്‍ ഒപ്പുവച്ച പങ്കാളിത്ത സഹകരണ കരാറിന്റെ ഭാഗമായാണ് അമേരിക്കയുടെയും ഇന്ത്യയുടെയും ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്നു നിസാര്‍ നിര്‍മിച്ചത്. 2,800 കിലോയാണു ഭാരം. എല്‍-ബാന്‍ഡ്, എസ്-ബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) ഉപകരണങ്ങള്‍ നിസാറിനെ ഡ്യുവല്‍ ഫ്രീക്വന്‍സി ഇമേജിങ് റഡാര്‍ ഉപഗ്രഹമാക്കി മാറ്റുന്നു.
എല്‍-ബാന്‍ഡ് റഡാര്‍, ജിപിഎസ്, ഡേറ്റ സംഭരിക്കുന്നതിനുള്ള ഉയര്‍ന്ന ശേഷിയുള്ള സോളിഡ്-സ്റ്റേറ്റ് റെക്കോര്‍ഡര്‍, പേലോഡ് ഡേറ്റ സബ് സിസ്റ്റം എന്നിവ നാസ നല്‍കിയപ്പോള്‍, എസ്-ബാന്‍ഡ് റഡാറും ജിഎസ്എല്‍വി വിക്ഷേപണ സംവിധാനവും ബഹിരാകാശ പേടകവും ഐഎസ്ആര്‍ഒ ഒരുക്കി.
ഉപഗ്രഹത്തിന്റെ മറ്റൊരു പ്രധാന ഘടകം അതിന്റെ 39 അടി ഉയരമുള്ള സ്റ്റേഷണറി ആന്റിന റിഫ്‌ളക്ടറാണ്. സ്വര്‍ണം പൂശിയ വയര്‍ മെഷ് ഉപയോഗിച്ച് നിര്‍മിച്ച ഈ റിഫ്‌ളക്ടര്‍ ഉപകരണ ഘടനയില്‍ മുകളിലേക്ക് അഭിമുഖീകരിക്കുന്ന ഫീഡ് പുറപ്പെടുവിക്കുന്ന റഡാര്‍ സിഗ്‌നലുകള്‍ ഫോക്കസ് ചെയ്യാന്‍ ഉപയോഗിക്കും.
ഭൂമിയുടെ ഉപരിതലത്തിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ നിരീക്ഷിച്ച് അത്തരം പ്രതിഭാസങ്ങളുടെ കാരണങ്ങളും അനന്തര ഫലങ്ങളും നന്നായി മനസിലാക്കാന്‍ ഗവേഷകരെ സഹായിക്കുക എന്നതാണ് നിസാറിന്റെ മുഖ്യ ദൗത്യം. അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂകമ്പങ്ങള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ് അടയാളങ്ങള്‍ നിസാര്‍ കണ്ടെത്തും.
ഭൂഗര്‍ഭ ജലനിരപ്പ് അളക്കുകയും ഹിമാനികള്‍, മഞ്ഞുപാളികള്‍ എന്നിവയുടെ ഒഴുക്ക് നിരക്ക് നിരീക്ഷിക്കുകയും വനം, കാര്‍ഷിക മേഖലകള്‍ എന്നിവ നിരീക്ഷിക്കുകയും ചെയ്യും. ഇത് കാര്‍ബണ്‍ വിനിമയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്തും.
സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) ഉപയോഗിച്ച് നിസാര്‍ ഉയര്‍ന്ന മിഴിവുള്ള ചിത്രങ്ങള്‍ എടുക്കും. എസ്എആറിന് മേഘങ്ങളിലൂടെയും മറ്റു കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെയും രാവും പകലും ഡേറ്റ ശേഖരിക്കാന്‍ സാധിക്കും.
ഇന്‍സ്ട്രുമെന്റിന്റെ ഇമേജിങ് സ്വാത്ത് അതായത്, പരിക്രമണ പാതയുടെ നീളത്തില്‍ ശേഖരിച്ച ഡേറ്റയുടെ സ്ട്രിപ്പിന്റെ വീതി 240 കിലോമീറ്ററില്‍ കൂടുതലാണ്. അതിനാല്‍ 12 ദിവസത്തിനുള്ളില്‍ ഭൂമിയെ മുഴുവന്‍ ചിത്രീകരിക്കാന്‍ നിസാറിന് കഴിയും എന്നാണ് ഉപഗ്രഹത്തെക്കുറിച്ച് നാസ പറയുന്നത്.
സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് 2024 ജനുവരിയിലായിരിക്കും നിസാറിന്റെ വിക്ഷേപണം. ഭൂമിക്കു തൊട്ടടുത്തുള്ള ഭ്രമണ പഥത്തിലേക്കാണ് നിസാറിനെ വിക്ഷേപിക്കുക. കുറഞ്ഞത് മൂന്നു വര്‍ഷം ഉപഗ്രഹം പ്രവര്‍ത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.