ഇന്ധന സെസ്: പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിക്കുന്നു

ഇന്ധന സെസ്: പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: ശക്തമായ ജനരോക്ഷത്തിലും ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒഴിവാക്കില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം ഇന്ന് നടന്ന് പ്രതിഷേധിക്കും. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് 8.15ന് നിയമസഭയിലേക്ക് കാൽനടയായി എത്തിയാണ് എംഎല്‍എമാർ പ്രതിഷേധിക്കുന്നത്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് ബജറ്റെന്നും അതുകൊണ്ട് സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. ഈ മാസം 13, 14 തീയതികളില്‍ എല്ലാ ജില്ലകളിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു. 

സഭാ കവാടത്തില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ പ്രതിഷേധം തുടരുകയാണ്. ഇന്ധന സെസ് കുറയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരും. നികുതി ഭാരം ജനങ്ങളില്‍ കെട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു.

വര്‍ധിപ്പിച്ച നികുതി നിര്‍ദേശങ്ങള്‍ കുറയ്ക്കില്ലെന്നാണ് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിലപാട് ആവർത്തിച്ചതോടെ പ്രതിപക്ഷം കൂടുതൽ രോഷാകുലരാണ്. ഇതാണ് പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷത്തെ നിർബന്ധിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.