വായ്പ കുടിശികയായി: വീടും സ്ഥലവും അളന്ന് കുറ്റിയടിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍; പിന്നാലെ ഗൃഹനാഥന്റെ ആത്മഹത്യ

വായ്പ കുടിശികയായി:  വീടും സ്ഥലവും അളന്ന് കുറ്റിയടിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍; പിന്നാലെ  ഗൃഹനാഥന്റെ ആത്മഹത്യ

കോട്ടയം: വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീടും സ്ഥലവും അളന്ന് കുറ്റിയടിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വൈക്കത്തിനടുത്ത് തലയാഴത്ത് വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍(61) ആണ് മരിച്ചത്.

തോട്ടകം സഹകരണ ബാങ്കില്‍ കാര്‍ത്തികേയന് 17 ലക്ഷം രുപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. 2014 ല്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ ബാങ്ക് അധികൃതരെത്തി വീടും സ്ഥലവും അളന്ന് കുറ്റിയടിച്ചത്.

ബാങ്ക് ഉദ്യോഗസ്ഥര്‍ പോയതിനു പിന്നാലെയാണ് കാര്‍ത്തികേന്‍യന്‍ ആത്മഹത്യ ചെയ്തത്. ബാങ്കിന്റെ സമ്മര്‍ദ്ദമാണ് മരണ കാരണമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ആത്മഹത്യയുടെ കാരണം പരിശോധിച്ചു വരികയാണന്ന് പൊലീസ് അറിയിച്ചു.

2014 ല്‍ എടുത്ത വായ്പാത്തുക പലിശയടക്കം ഉയര്‍ന്ന് 17 ലക്ഷമായിരുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തിലാണ് ബാങ്ക് അധികൃതര്‍ ഇന്ന് രാവിലെ കാര്‍ത്തികേയന്റെ വീട്ടില്‍ എത്തിയത്. ജപ്തിയുടെ ആദ്യഘട്ട നടപടികളാണ് തുടങ്ങിയത്. സ്ഥലം അളന്ന ശേഷം അധികൃതര്‍ കുറ്റിയടിച്ച് കയര്‍ കെട്ടി തിരിച്ചു. ഈ സമയം കാര്‍ത്തികേയന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇദ്ദേഹം ബാങ്ക് ജീവനക്കാരോട് സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥാര്‍ പറഞ്ഞു. ഇവര്‍ പോയതിന് പിന്നാലെയായിരുന്നു കാര്‍ത്തികേയന്‍ ജീവനൊടുക്കിയത്. പിന്നീട് വന്ന ഭാര്യയും മകളുമാണ് മൃതദേഹം കണ്ടെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.