പ്രണയ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യേണ്ടെന്ന് കേന്ദ്രം; കൗ ഹഗ് ഡേ പിന്‍വലിച്ച് കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡ്

പ്രണയ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യേണ്ടെന്ന് കേന്ദ്രം; കൗ ഹഗ് ഡേ പിന്‍വലിച്ച് കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡ്

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോര്‍ഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. എന്നാല്‍ എന്ത് കാരണത്താലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്.കെ ദത്ത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല.

2023 ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കുന്നതിനായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ സര്‍ക്കുലറാണ് ഇന്ന് പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സര്‍ക്കുലര്‍ പിന്‍വലിക്കുന്നുവെന്നാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജനുവരി ആറിനാണ് പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്ത് വന്നത്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതിനിടെ കൗ ഹഗ് ഡേ ഉത്തരവിനെ അനുകൂലിച്ച് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി രംഗത്തെത്തിയിരുന്നു. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി നിയന്ത്രിക്കുമെന്ന് ധരംപാല്‍ സിങ് പറഞ്ഞതും വിവാദമായിരുന്നു.

ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേ ആയാണ് ആഘോഷിക്കപ്പെടുന്നത്. വാലന്റൈന്‍സ് ഡേ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.