കർഷകർ കലഹിക്കുന്നത് എന്തിനു വേണ്ടി?

കർഷകർ കലഹിക്കുന്നത് എന്തിനു വേണ്ടി?

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നടക്കുന്ന ഏറ്റവും വലിയ ഒരു കർഷക സമരത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു . ദില്ലി ചലോ എന്ന കർഷക സമരകൊടുങ്കാറ്റ് ലക്‌ഷ്യം കാണാതെ മടങ്ങുമെന്ന് തോന്നുന്നില്ല. ആയിരക്കണക്കിന് കർഷകർ സംഘടിച്ച് ദേശീയ തലസ്ഥാനത്തേക്ക് നടത്തുന്ന മാർച്ചിൽ കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

പാടത്തെ കർഷകർ റോഡിലെ സമരക്കാർ ആയതെങ്ങനെ?

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കും. കാര്‍ഷിക വിള വിപണന സമിതികള‍ുടെ പരമ്പരാഗത ചന്തകള്‍ക്ക് പുറത്ത് വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകള്‍ നടത്താനും കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ ബിൽ എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്നതാണ് സത്യം.

വിവാദമായിരിക്കുന്ന കാർഷിക ബില്ലുകൾ

ഒന്നാമത്തെ കാർഷിക ബില്ല്: ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020

ഈ നിയമം കാർഷിക ഉൽ‌പാദന മാർക്കറ്റ് കമ്മിറ്റിയുമായി (എപി‌എം‌സി) ബന്ധപ്പെട്ടിരിക്കുന്നു. പ്രസ്തുത നിയമം വരുന്നതോടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാകും. ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി ഉണ്ടാകും. ഇതുവഴി താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുകയാണ് ചെയ്തത്. യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാരന്റെ വേഷമണിഞ്ഞെത്തുന്ന കോർപറേറ്റുകൾ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലാകും.

രണ്ടാമത്തെ കാർഷിക ബില്ല്: അവശ്യവസ്തുക്കളുടെ (ഭേദഗതി) ബിൽ

അവശ്യസാധന നിയന്ത്രണ നിയമം എടുത്തു കളയുന്നതാണ് രണ്ടാം നിയമം. നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല. ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അവസരമുണ്ടാകും. ഇത് കരിഞ്ചന്തയും വിലക്കയറ്റവും ഉൾപ്പെടെയുള്ള അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.

മൂന്നാമത്തെ കാർഷിക ബില്ല്: ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ്‌ പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസസ്‌ ആക്ട്

ഈ ബില്ല് കോൺട്രാക്ട് ഫാമിംഗ് അംഗീകരിക്കലാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും. ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം. ഇതിനെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം പ്രതിഷേധങ്ങൾ പുകയുകയാണ്. ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വച്ചിരിക്കുന്നു. ഹരിയാനയിൽ കേന്ദ്ര മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയുടെ പാർട്ടി അറിയിച്ചിരിക്കുന്നു. കർഷകർ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.

ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരും. രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും. താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും എന്ന് അനുമാനിക്കപ്പെടുന്നു. എഫ് സി ഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇല്ലാതാകും; റേഷൻ സമ്പ്രദായം തകരും.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ കാർഷിക നിയങ്ങൾ. ഉത്തരേന്ത്യയിൽ നടക്കുന്ന സമരങ്ങൾ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണെന്ന വസ്തുത രാജ്യത്തെ പൗരന്മാർ തിരിച്ചറിയാൻ വൈകരുത്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ സ്വരം കേൾക്കപെടാതെ പോകുന്നത് അപകട സൂചനയാണ്. കർഷകരുടെ ആവശ്യങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കപ്പെടേണ്ടത് രാജ്യം മുഴുവന്റെയും ആവശ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.