തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നദികളില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളും യെല്ലോ അലര്‍ട്ടാണ്.
അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും, കേന്ദ്ര ജല കമ്മീഷന്റെയും താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: മണിമല, അച്ചന്‍കോവില്‍
യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വാമനപുരം
കൊല്ലം: പള്ളിക്കല്‍
ആലപ്പുഴ: അച്ചന്‍കോവില്‍
പത്തനംതിട്ട : പമ്പ, അച്ചന്‍കോവില്‍, മണിമല, പമ്പ
ഇടുക്കി : തൊടുപുഴ
തൃശൂര്‍ : ചാലക്കുടി
കണ്ണൂര്‍ : വളപട്ടണം
വയനാട് : കബനി
ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പലയിടത്തും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മൂന്ന് ദിവസം കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് കാലവര്‍ഷക്കാറ്റ് ശക്തമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കണ്ണൂരില്‍ വീടിന് മുകളില്‍ മരണം വീണ് ഗൃഹനാഥന്‍ മരണപ്പെട്ടിരുന്നു. താമരശേരിയില്‍ മലവെള്ളപ്പാച്ചില്‍. ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു. കനത്ത മഴയില്‍ നെന്മാറയിലും തൃശൂരിലും വീടുകള്‍ തകര്‍ന്നു. കാസര്‍കോട് കൊന്നക്കാട് ഓടിക്കൊണ്ടിരുന്ന ബസിന് മുകളില്‍ മരം വീണു. ഇടുക്കിയില്‍ മലയോരപാതയില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊല്ലം ശാസ്താംകോട്ടയില്‍ കട ഇടിഞ്ഞ് താണു. പള്ളിക്കശേരി ശ്രീമംഗലത്ത് കൃഷ്ണന്‍കുട്ടിയുടെ കടയാണ് ഇടിഞ്ഞ് താണത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച കടയാണ് തകര്‍ന്നത്. ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുനലൂര്‍ മൂവാറ്റുപുഴ ദേശീയപാതയില്‍ പത്തനാപുരം അലിമുക്കില്‍ ലോറിക്ക് മുകളില്‍ കൂറ്റന്‍ മരം കടപുഴകി വീണു. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം തകര്‍ന്ന സ്ഥിതിയാണ്.
പത്തനാപുരം മേഖലയില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിറവന്തൂര്‍ മേഖലയില്‍ ഏഴോളം വൈദ്യുതത്തൂണുകളാണ് തകര്‍ന്നു വീണത്. വൈദ്യുതി വിതരണം പൂര്‍ണമായും നിലക്കുന്ന സ്ഥിതിയും ഉണ്ടായി. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലം തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. അഞ്ച് സെന്റി മീറ്റര്‍ വീതം രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. ജലനിരപ്പ് കുറഞ്ഞില്ലെങ്കില്‍ 80 സെന്റി മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് വിവരം.
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. താമരശേരി കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. മണ്ണാത്തിയേറ്റ് മലയുടെ ഒരു ഭാഗമാകെ ഇടിഞ്ഞ് താഴോട്ട് പതിച്ചു. താഴ്‌വാരത്ത് പതിനേഴ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച മഴ കോഴിക്കോട് ഇപ്പോഴും പെയ്തു കൊണ്ടിരിക്കുകയാണ്. വിലങ്ങാട്ട് മിന്നല്‍ച്ചുഴലിയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈദ്യുതി തൂണുകള്‍ നശിക്കുന്ന സാഹചര്യം ഉണ്ടായി. കുറ്റ്യാടി ചുരത്തിലെ ഒന്നാം വളവില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിണര്‍ ഇടിഞ്ഞു താണു.
അതേപോലെ ഇടുക്കിയിലെ മലയോരപാതകളില്‍ മണ്ണിടിച്ചില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നേര്യമംഗലം ആറാം മെയിലില്‍ മരം വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. തേക്കടി മൂന്നാര്‍ സംസ്ഥാന പാതയിലും നെടുങ്കണ്ടം-കമ്പം അന്തര്‍ സംസ്ഥാന പാതയിലും വ്യാപകമായി മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കല്ലാര്‍, കൂട്ടാര്‍, ബാലഗ്രാം തുടങ്ങിയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്. ദേവിയാര്‍ പുഴ കരകവിഞ്ഞൊഴുകുന്നു. നേര്യമംഗലം കുളമാങ്കുഴി ആദിവാസി ഉന്നതിയിലേക്കുള്ള പാതയില്‍ വെള്ളം കയറി.
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചു. നിലവില്‍ എട്ട് ഇഞ്ച് വീതമാണ് നാല് ഷട്ടറുകളും തുറന്നിട്ടുള്ളത്. ഇത് ഘട്ടം ഘട്ടം ആയി വര്‍ധിപ്പിച്ച് 12 ഇഞ്ച് ആക്കി ഉയര്‍ത്തുമെന്നാണ് വിവരം. ഇരിങ്ങാലക്കുട പടിയൂരില്‍ മിന്നല്‍ച്ചുഴലി റിപ്പോര്‍ട്ട് ചെയ്തു. വീടിന്റെ മേല്‍ക്കൂര പറന്നു പോയി. മരങ്ങള്‍ കടപുഴകി വീണു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.