കോഴിക്കോട്: കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തേ വേണ്ടെന്നു വച്ച പിആര്‍എസ് ലോണ്‍ സ്‌കീമിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതോടെ നെല്ല് സംഭരണത്തിന്റെ പണം കിട്ടാന്‍ കര്‍ഷകര്‍ ഇനി കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കണം.
പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത തുക തീര്‍ന്നതോടെ സപ്‌ളൈകോ കേരള ബാങ്കുമായി കരാര്‍ ഒപ്പു വച്ചു. 200 കോടി രൂപയാണ് സപ്‌ളൈകോ കേരള ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത്. സപ്‌ളൈകോയുടെ ജാമ്യത്തില്‍ നെല്ലിന്റെ വില വായ്പയായി കര്‍ഷകന് നല്‍കുന്ന രീതിയാണ് പിആര്‍എസ് വായ്പ സ്‌കീം.
ഉല്‍പ്പാദനച്ചെലവിനും കാലാവസ്ഥാ മാറ്റങ്ങള്‍ക്കുമൊപ്പം നികുതി ഭാരം കൂടി പേറേണ്ടി വരുന്ന കര്‍ഷകര്‍ക്ക് സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ വക മറ്റൊരു പ്രഹരമാണിത്. അധ്വാനിച്ചുണ്ടാക്കി അളന്നു നല്‍കിയ നെല്ലിന്റെ വില കിട്ടാനായി നാളുകളെണ്ണി കാത്തിരിക്കുന്ന കര്‍ഷകരോട് കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കാനാണ് സപ്‌ളൈകോ ആവശ്യപ്പെടുന്നത്.
ഇതുസംബന്ധിച്ച് കേരള ബാങ്ക് റീജ്യണല്‍ മാനേജര്‍ ബുധനാഴ്ച ബ്രാഞ്ചുകള്‍ക്ക് കത്തയച്ചു. മില്ലുടമകള്‍ നല്‍കുന്ന പാഡി റസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വായ്പ അനുവദിക്കുന്ന പഴയ രീതി തുടരാന്‍ തീരുമാനിച്ചു. സപ്‌ളൈക്കോയുമായി കരാര്‍ ഒപ്പിട്ടു. തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്നുമാണ് നിര്‍ദ്ദേശം.
പിആര്‍എസ് വായ്പ സ്‌കീം കര്‍ഷകന് തന്നെ വെല്ലുവിളിയാവാന്‍ സാധ്യതയേറെയാണ്. സപ്‌ളൈകോ യഥാസമയം തുക ബാങ്കിന് നല്‍കിയില്ലെങ്കില്‍ ബാധ്യത കര്‍ഷകന്റെ മേലാകും. ഇത്തരത്തില്‍ സപ്‌ളൈകോയുടെ തിരിച്ചടവ് മുടങ്ങി നിരവധി കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു.
ഇതോടെയാണ് സപ്‌ളൈകോ നേരിട്ട് കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ പണം നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി എസ്ബിഐ, കനറ ബാങ്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുമായി കണ്‍സോര്‍ഷ്യം ഉണ്ടാക്കി. 2500 കോടി രൂപ വായ്പ എടുക്കുകയും ചെയ്തു.
ഈ തുക വിവിധ ബാധ്യതകള്‍ തീര്‍ക്കാന്‍ സപ്ലൈകോ ഉപയോഗിച്ചതോടെയാണ് പഴയ ലോണ്‍ സ്‌കീമിലേക്ക് മടങ്ങാനുളള തീരുമാനം. 76611 കര്‍ഷകരില്‍ നിന്നായി 2.3 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ഈ സീസണില്‍ സംഭരിച്ചത്. ഇതില്‍ 46314 കര്‍ഷകര്‍ക്കായി 369 കോടി രൂപ ഇതിനോടകം നല്‍കി. ബാക്കി തുകയാണ് കേരള ബാങ്ക് വഴി വായ്പയായി അനുവദിക്കാനാണ് നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.