കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ എഡിഎം സംരക്ഷിക്കുന്നു: കെ.യു ജെനിഷ് കുമാര്‍ എംഎല്‍എ

കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ എഡിഎം സംരക്ഷിക്കുന്നു: കെ.യു ജെനിഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിക്കുന്നതെന്ന് ആരോപിച്ച് കോന്നി എംഎല്‍എ കെ.യു ജെനിഷ് കുമാര്‍.

എംഎല്‍എയ്ക്ക് ഓഫീസില്‍ പരിശോധന നടത്താന്‍ അധികാരം ഉണ്ടോയെന്ന് എഡിഎം ചോദിച്ചുവെന്നും ജെനിഷ് കുമാര്‍ ആരോപിച്ചു. അതേസമയം, അവധി നിയമ പ്രകാരമെന്ന വിശദീകരണവുമായി തഹസില്‍ദാര്‍ രംഗത്ത് വന്നു.

ജീവനക്കാരുടെ അവധിയുമായി ബന്ധപ്പെട്ട് എഡിഎം തന്നോട് അധിക്ഷേപകരമായി സംസാരിച്ചു. ഉദ്യോഗസ്ഥര്‍ അനധികൃതമായി ജോലിയില്‍ വരാത്തതിനെ കുറിച്ചല്ല മറിച്ച് ഇത് പരിശോധിക്കാന്‍ ആരാണ് എംഎല്‍എക്ക് അധികാരം നല്‍കിയത് എന്നായിരുന്നു ഓഫീസിലെത്തിയ എഡിഎം അന്വേഷിച്ചതെന്ന് എംഎല്‍എ ആരോപിച്ചു.

തന്റെ ജോലിയാണ് താന്‍ ചെയ്തതെന്ന് മാധ്യമങ്ങള്‍ മുമ്പില്‍ അദ്ദേഹം വ്യക്തമാക്കി. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. മൂന്ന് ദിവസത്തെ യാത്രയ്ക്കാണ് ജീവനക്കാര്‍ പുറപ്പെട്ടിരുന്നത്. കോന്നി താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്.

വിവിധ ആവശ്യങ്ങള്‍ക്ക് മലയോര മേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ വിനോദയാത്രാ പരിപാടി. കാത്തിരുന്ന ആളുകള്‍ കാര്യം നടക്കാതിരുന്നതോടെ ഓഫീസില്‍ നിന്ന് മടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.