ഗബ്രിയേല്‍ ചുഴലിക്കാറ്റ് ന്യൂസീലന്‍ഡ് തീരത്തേക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

ഗബ്രിയേല്‍ ചുഴലിക്കാറ്റ് ന്യൂസീലന്‍ഡ് തീരത്തേക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട ഗബ്രിയേല്‍ ചുഴലിക്കാറ്റ് ഓസ്‌ട്രേലിയയ്ക്കും ന്യൂസീലന്‍ഡിനും മദ്ധ്യത്തിലുള്ള നോര്‍ഫോക്ക് ദ്വീപിനെ ലക്ഷ്യമിട്ട് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അവിടുത്തെ താമസക്കാരോട് ആവശ്യമായ തയാറെടുപ്പുകളോടെ സുരക്ഷിത സ്ഥാനത്തേക്ക് അഭയം പ്രാപിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ മൂന്നില്‍നിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. എങ്കിലും മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയിലാകും കാറ്റു വീശുക. ഇത് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

നോര്‍ഫോക്ക് ദ്വീപില്‍ ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി നല്‍കുന്ന മുന്നറിയിപ്പ്.

ആളുകള്‍ ഒന്നുകില്‍ വീടിനുള്ളിലെ ഏറ്റവും സുരക്ഷിത സ്ഥാനത്തിരിക്കുകയോ അല്ലെങ്കില്‍ എമര്‍ജന്‍സി ഷെല്‍ട്ടറിലേക്ക് മാറുകയോ ചെയ്യണമെന്ന് എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.

കനത്ത മഴ മൂലം ഉയര്‍ന്ന വേലിയേറ്റമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ശനിയാഴ്ച രാവിലെ മുതല്‍ ദ്വീപിന് ചുറ്റും കാറ്റും മഴയും ആരംഭിച്ചതായി നോര്‍ഫോക്ക് ദ്വീപിന്റെ എമര്‍ജന്‍സി കണ്‍ട്രോളര്‍ ജോര്‍ജ് പ്ലാന്റ് പറഞ്ഞു.

നോര്‍ഫോക്ക് ദ്വീപ് ബ്രിസ്ബനില്‍ നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ തെക്ക്-കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ക്വീന്‍സ് ലാന്‍ഡ് സര്‍ക്കാരാണ് ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്നത്. 2,200 ആണ് ഇവിടുത്തെ ആകെ ജനസംഖ്യ. ദ്വീപില്‍ 12 കിടക്കകളുള്ള ഒരു ചെറിയ ആശുപത്രി സൗകര്യം മാത്രമേയുള്ളൂ.

ശനിയാഴ്ച രാത്രി മുതല്‍ ഗബ്രിയേലിന്റെ ആഘാതം ന്യൂസീലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ന്യൂസീലന്‍ഡിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും നാശനഷ്ടമുണ്ടാക്കുന്ന കാറ്റും വലിയ തിരമാലകളും പ്രവചിക്കപ്പെടുന്നു.

നോര്‍ത്ത്ലാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 250 മില്ലിമീറ്ററോ അതില്‍ കൂടുതലോ മഴയും മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുമാണ് പ്രതീക്ഷിക്കുന്നത്. കോറോമാണ്ടല്‍ പെനിന്‍സുലയില്‍ 300 മുതല്‍ 400 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും. ഏറ്റവും ശക്തമായ മഴ തിങ്കളാഴ്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് മെറ്റ് സര്‍വീസ് കാലാവസ്ഥാ ആശയവിനിമയ മേധാവി ലിസ മുറെ അറിയിച്ചു.

ശക്തമായ കാറ്റില്‍ മരങ്ങള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ട്. സമീപകാലത്തു ന്യൂസീലന്‍ഡിലുണ്ടായ വെള്ളപ്പൊക്കം മൂലം മണ്ണ് കുതിര്‍ന്ന് ദുര്‍ബലമായതിനാല്‍ മരങ്ങള്‍ പിഴുതെറിയപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഓക് ലന്‍ഡും നോര്‍ത്ത് ഐലന്‍ഡുമാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. ഇവിടെ രണ്ടാഴ്ചയ്ക്ക് മുന്‍പാണ് കനത്ത മഴയെതുടര്‍ന്ന് റെക്കോര്‍ഡ് വെള്ളപ്പൊക്കമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.