തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി; 25,000 കടന്ന് മരണസംഖ്യ

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി; 25,000 കടന്ന് മരണസംഖ്യ

അങ്കാറ: തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ് പുലര്‍ച്ചെ കിഴക്കന്‍ അനറ്റോലിയയിലെ മലത്യ നഗരത്തില്‍ തകര്‍ന്നു വീണ ബഹുനില ഹോട്ടല്‍ മന്ദിരത്തിന്റ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് വിജയ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടതു കൈയിലെ ടാറ്റൂ വഴിയാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതെന്നാണ് വിവരം.

ബംഗളൂരുവിലെ ഓക്‌സിപ്‌ളാന്റ്‌സ് ഇന്ത്യയിലെ ജീവനക്കാരനായ വിജയ് കഴിഞ്ഞ മാസം 23 നാണ് തുര്‍ക്കിയിലെത്തിയത്. മലത്യയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ അവസ്‌റിലെ രണ്ടാം നിലയിലായിരുന്നു വിജയ് താമസിച്ചിരുന്നത്. ഭൂചലനമുണ്ടായ ദിവസം മുതല്‍ വിജയ് കുമാറിനെ കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പാസ്‌പോര്‍ട്ടും ബാഗും ലഭിച്ചിരുന്നു. അഞ്ചാം ദിവസമാണ് ബന്ധുക്കളുടെയും ഇന്ത്യന്‍ എംബസി അധികൃതരുടെയും പ്രതീക്ഷ അസ്ഥാനത്താക്കി മൃതദേഹം കണ്ടെത്തിയത്.

ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയിലും സിറിയിയില്‍നിന്നും മരണസംഖ്യയും ഉയരുകയാണ്. ദിവസം ആറ് പിന്നിടുമ്പോള്‍ മരണം 25,000 കടന്നു. അതിശൈത്യത്തെയും മോശം കാലാവസ്ഥയേയും അതിജീവിച്ച് പതിനായിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ രാവും പകലും ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തന ദൗത്യത്തിലുണ്ട്. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ 100 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹതായില്‍ 123 മണിക്കൂര്‍ കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ദൗത്യസഘം രക്ഷപ്പെടുത്തിയ യുവതി സെയ്‌നാപ് കഹ്‌റാമന്‍ ആശുപത്രിയില്‍ മരിച്ചു. ഭൂകമ്പം ആഞ്ഞടിച്ച തെക്കന്‍ തുര്‍ക്കിയിലെ കിരിഖാന്‍ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് വെള്ളിയാഴ്ചയാണ് സെയ്‌നാപ് കഹ്‌റാമനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോള്‍ അവര്‍ അവിടെ കുടുങ്ങിയിട്ട് 104 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് മരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.